മമ്മൂട്ടി നായകനാകുന്ന മാമാങ്കം എന്ന സിനിമയ്ക്ക് എതിരെ സോഷ്യൽമീഡിയയിൽ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ ഏഴ് പേർക്കെതിരെ പോലീസ് കേസ് രജിസ്ട്രർ ചെയ്തു. സിനിമയുടെ തിരക്കഥാകൃത്ത് സജീവ് പിള്ള, നിരഞ്ജൻ വർമ, അനന്തു കൃഷ്ണൻ, കുക്കു അരുണ്, ജഗന്നാഥൻ, സി.ബി.എസ്. പണിക്കർ, ആന്റണി എന്നിവർക്കെതിരെയും ഈഥൻ ഹണ്ട് എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്.
സിനിമയുടെ നിർമാതാവായ കാവ്യ ഫിലിംസ് കമ്പനി റേഞ്ച് ഡിഐജി സഞ്ജയ് ഗരുഡിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. ഐപിസി 500, സൈബർ ആക്ട് 66 എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്ട്രർ ചെയ്തിരിക്കുന്നത്. ഡിസംബർ 12ന് റിലീസ് ചെയ്യുന്ന ചിത്രം രാജ്യത്തിന് അകത്തും പുറത്തുമായി 2000ത്തിലധികം തീയറ്ററുകളിലാണ് പ്രദർശിപ്പിക്കുന്നത്.
സജീവ് പിള്ളയായിരുന്നു ആദ്യം സിനിമയുടെ സംവിധായകൻ. എന്നാൽ നിർമാതാവുമായുള്ള വാക്കു തർക്കത്തെ തുടർന്ന് അദ്ദേഹത്തെ സിനിമയിൽ നിന്നും മാറ്റുകയും പകരം സംവിധാന ചുമതല എം. പത്മകുമാറിന് കൈമാറുകയുമായിരുന്നു. സജീവ് പിള്ള ഷൂട്ട് ചെയ്ത ഭാഗങ്ങൾ പൂർണമായും ഒഴിവാക്കിയാണ് പിന്നീട് സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചത്.
ഇതു മൂലം 13 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് നിർമാതാവിന്റെ വാദം. മാത്രമല്ല തിരക്കഥയുടെ ഉടമസ്ഥാവകാശം 21.75 ലക്ഷം രൂപ നൽകി താൻ സ്വന്തമാക്കിയതാണെന്നും കാവ്യ ഫിലിംസ് ഉടമ വേണു കുന്നപ്പിള്ളി പറയുന്നു.
ഒരേ കേന്ദ്രത്തിൽ നിന്നാണോ സിനിമക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നതെന്നതും ഇതിന് പിന്നിൽ ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസികളുടെ പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.