കൊച്ചി: മാമാങ്കം സിനിമയ്ക്കെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി നിർമാതാവ് വേണു കുന്നപ്പിള്ളി. പറഞ്ഞുറപ്പിച്ച കരാർ പ്രകാരമാണ് മാമാങ്കത്തിൽ മാറ്റങ്ങളൊക്കെ നടന്നത്. എം.പദ്മകുമാറായിരിക്കും സിനിമ ഇനി സംവിധാനം ചെയ്യുക. ഏപ്രിൽ മാസത്തോടെ ഷൂട്ടിംഗ് പൂർത്തിയാക്കി 2019ൽ തന്നെ ചിത്രം പുറത്തിറക്കുമെന്നും വേണു കുന്നപ്പിള്ളി. കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
ചിത്രത്തിന്റെ തിരക്കഥാകൃത്തും മുൻ സംവിധായകനുമായിരുന്ന സജീവ് പിള്ളയുടെ പരിചയക്കുറവുമൂലം കോടികളുടെ നഷ്ടമാണ് തനിക്കുണ്ടായത്. സ്ക്രിപ്റ്റിന്റെ പ്രതിഫലമായി മൂന്ന് ലക്ഷം രൂപയും സംവിധാനത്തിന് 20 ലക്ഷം രൂപയുമായിരുന്നു അദ്ദേഹത്തിനായി നിശ്ചയിച്ചിരുന്നത്. അതിൽ 1.25 ലക്ഷം രൂപ മാത്രമേ ഇനി നൽകാനുള്ളൂ. അദ്ദേഹം ഷൂട്ട് ചെയ്തതൊന്നും സിനിമയ്ക്കായി ഉപയോഗിക്കാനാവുന്നതായിരുന്നില്ല. 47 ദിവസത്തെ ഷൂട്ട് കൊണ്ട് 13 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
ഫെഫ്കയുടെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും ഇടപെടലിൽ നടത്തിയ ചർച്ചകൾക്കൊടുവിൽ സജീവിന്റെ കൂടി സമ്മതപ്രകാരമാണ് എം.പദ്മകുമാർ സിനിമയുടെ സംവിധാനം ഏറ്റെടുത്തത്. സിനിമ പൂർത്തിയാക്കണമെന്ന ആഗ്രഹം കൊണ്ടാണ് നഷ്ടമുണ്ടായിട്ടും സിനിമയുടെ നിർമാണവുമായി മുന്നോട്ടുപോകാൻ തയാറായത്. തനിക്കെതിരെ മുഖ്യമന്ത്രിക്കടക്കം സജീവ് പിള്ള പരാതി നൽകിയതു കൊണ്ടാണ് ഇതൊക്കെ പറയാൻ ഇപ്പോൾ തയാറാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രത്തിലെ പ്രധാന താരമായിരുന്ന ധ്രുവനെ പുറത്താക്കിയതല്ലെന്നും നടൻ ആവശ്യപ്പെട്ട പ്രകാരം കരാർ മാറ്റിയെഴുതാൻ തയാറാകാതിരുന്നതാണ് പുറത്താകലിൽ കലാശിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിനിമയ്ക്കുവേണ്ടി അഞ്ച് കോടി മുടക്കിയാണ് മരടിൽ സെറ്റ് നിർമിച്ചത്. സ്ഥലമുടമയ്ക്ക് മാസം ഒരു ലക്ഷം വാടക കൊടുത്താണ് സ്ഥലം എടുത്തിരിക്കുന്നത്. മാമാങ്കം സിനിമയുടെ പേരിൽ സജീവ് പിള്ള എന്തെങ്കിലും വിധത്തിലുമുള്ള പണമിടപാടുകൾ നടത്തിയാൽ അതിന് തന്റെ നിർമാണ കന്പനിയായ കാവ്യാ ഫിലിം കന്പനി ഉത്തരവാദികളായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.