മമതാ ബാനര്‍ജി കാരണം കര്‍ണാടക പോലീസ് മേധാവിയെ സ്ഥലം മാറ്റാനുത്തരവിട്ട് മുഖ്യമന്ത്രി കുമാരസ്വാമി. ഏതാനും മീറ്റര്‍ ദൂരം നടക്കേണ്ടി വന്നു എന്നതാണ് കര്‍ണാടകയില്‍ എച്ച്ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മമതയെ ചൊടിപ്പിച്ചത്. ചടങ്ങിലേയ്ക്ക് നിരവധി നേതാക്കള്‍ ക്ഷണിക്കപ്പെട്ടിരുന്നു. അക്കൂട്ടത്തിലൊരാളായിരുന്നു, വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. എന്നാല്‍ വേദിയിലെത്തിയ ഉടനെ മമത ബാനര്‍ജി പോലീസ് മേധാവി നീലമണി രാജുവിനെ അടുത്തു വിളിച്ച് പരസ്യമായി ശാസിച്ചു.
അതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലുമാണ്. സത്യപ്രതിജ്ഞാ ചടങ്ങിനു പിന്നാലെ തന്നെ ഈ ദൃശ്യങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നെങ്കിലും ആര്‍ക്കും കാര്യം വ്യക്തമായിരുന്നില്ല. പിന്നീടാണ് സംഭവിച്ച കാര്യങ്ങള്‍ പുറത്തുവന്നത്. പോലീസ് മേധാവിയോടു സംസാരിച്ചതിനു പിന്നാലെ ജെഡിഎസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ദേവഗൗഡയുടെ അടുത്തു വന്നും മമത സംസാരിക്കുന്നുണ്ട്.
അതിഥികളെ സ്വീകരിച്ചാനയിക്കാനുള്ള ഉത്തരവാദിത്വം നീലമണി രാജുവിനായിരുന്നു. നിര്‍ദേശ പ്രകാരം മമതയെ നീലമണി അനുഗമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വേദിയുടെ പരിസരത്തെത്തിയപ്പോള്‍ വിഐപി കാറുകള്‍ തലങ്ങും വിലങ്ങുമായി പാര്‍ക്ക് ചെയ്തിരുന്നതിനാല്‍ വലിയ രീതിയിലുള്ള ഗതാഗത സ്തംഭനം ഉണ്ടാവുകയും മമതയുടെ വാഹനം അനങ്ങാന്‍ പോലമാവാത്ത അവസ്ഥയിലാവുകും ചെയ്തു.
ഇക്കാരണത്താല്‍ മമതയോട് വാഹനത്തില്‍ നിന്നിറങ്ങി ഏതാനും മീറ്റര്‍ അകലെയുള്ള വേദിയിലേയ്ക്ക് നടക്കാമോ എന്ന് വളരെ എളിമയോടെ നീലമണി ചോദിക്കുകയും മമത കാല്‍നടയായി വേദിയിലേയ്ക്ക് നടക്കുകയും ചെയ്തു.
എന്നാല്‍ നടക്കേണ്ടി വന്നതില്‍ അരിശംപൂണ്ട മമത വേദിയിലെത്തിയ ഉടനെ പരസ്യമായി തന്നെ നീലമണി രാജുവിനെ ശകാരിച്ചു. പോലീസിനു മുന്നില്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലായിരുന്നുവെന്നാണ് അവര്‍ നല്കിയ മറുപടി. മമത മാത്രമല്ല, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ തുടങ്ങിയവരും നടന്നാണ് വേദിയില്‍ എത്തിയത്. മമത മാത്രമാണ് ഇതിലെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചതെന്നു മാത്രം.
വേദിയില്‍ വച്ച് മമത, നീലമണിയെ കുറ്റപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. വീഡിയോ കാണുന്നവരെല്ലാം മമതയെ കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട്. മമതയുടെ സ്വാര്‍ത്ഥയ്ക്ക് പോലീസ് ഉദ്യോഗസ്ഥയെ ശിക്ഷിക്കണമോ എന്നാണ് ആളുകള്‍ ചോദിക്കുന്നത്.
ചില്ലറക്കാരിയല്ല നീലമണി രാജു. കര്‍ണാടകയിലെ ആദ്യ വനിത ഡിജിപി ആണ് നീലമണി എന്‍ രാജു. കര്‍ണാടകയില്‍ ആദ്യമായിട്ടാണ് ഒരു വനിത ഡിജിപി സ്ഥാനത്തേക്ക് ഉയര്‍ന്നു വരുന്നത്. ഉത്തരാഖണ്ഡിലെ റൂര്‍ക്കി സ്വദേശിയാണ് നീലമണി രാജു. ഡയറക്ടര്‍ ജനറല്‍, ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഡി.ജി., ഐ.ജി.പി) ഡയറക്ടര്‍ ജനറല്‍, ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഡി.ജി., ഐ.ജി.പി) എന്നീ സ്ഥാനങ്ങളിലേക്കാണ് നീലമണി നിയമിതയായത്.
#WATCH: West Bengal CM Mamata Banerjee reprimands DIG Neelamani Raju as she came to Karnataka Vidhana Soudha for oath taking ceremony because reportedly had to walk a few metres, also expressed discontentment to HD Deve Gowda & HD Kumaraswamy. #Bengaluru pic.twitter.com/WZ2n0QVE9b
— ANI (@ANI) May 23, 2018