ജാദവ്പുര് സര്വകലാശാലയില് റാഗിംഗിനെത്തുടര്ന്ന് വിദ്യാര്ഥി മരിച്ച സംഭവത്തില് ഇടതുപക്ഷത്തെ രൂക്ഷമായി കുറ്റപ്പെടുത്തി പശ്ചിമബംഗാള് മുഖ്യമന്ത്രി മമതാബാനര്ജി.
വിദ്യാര്ഥിയുടെ മരണത്തിനുത്തരവാദി മാര്ക്സിസ്റ്റുകളാണെന്നും അവര് വിദ്യാഭ്യാസ സ്ഥാപനങ്ങളില് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും മമത ആരോപിച്ചു.
ബി.ജെ.പിയും കോണ്ഗ്രസുമായി അവിശുദ്ധ കൂട്ടുകെട്ടിലാണിവര് എന്നും മമത അഭിപ്രായപ്പെട്ടു. മാര്ക്സിസ്റ്റുകളാണ് ഇതിനു പിന്നില്.
ബി.ജെ.പിയും കോണ്ഗ്രസുമായി അവിശുദ്ധ കൂട്ടുകെട്ട് വെച്ചു പുലര്ത്തുന്ന അവരുടെ പ്രധാനശത്രു തൃണമൂലാണ്.
ലജ്ജയുടെ ഒരു കണിക പോലും അവരില് അവശേഷിക്കുന്നില്ല. ജാദവ്പുര് സര്വകലാശാല അവര് ‘ചെങ്കോട്ടയാക്കി’ മാറ്റി.
അതുകൊണ്ടാണ് കൊല്ലപ്പെട്ട വിദ്യാര്ഥിയ്ക്ക് അവന്റെ ശരീരത്തിലുണ്ടായിരുന്ന ഏലസ്സ് അഴിച്ചു മാറ്റേണ്ടി വന്നതെന്നും മമത പറഞ്ഞു.
അവരുടെ കുത്തകാവകാശമായാണ് അവര് സര്വകലാശാലയെ കാണുന്നത്. ക്യാമ്പസില് പോലീസിനെ പ്രവേശിപ്പിക്കാനോ സിസിടിവി സ്ഥാപിക്കാനോ അവര് അനുവദിക്കില്ല.
ജാദവ്പുര് പോലെ ഏറെ കീര്ത്തികേട്ട ഒരു സര്വകലാശാലയില് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണവര്.
ഗ്രാമങ്ങളില് നിന്ന് വരുന്ന സാധാരണക്കാരായ വിദ്യാര്ഥികളെ പീഡിപ്പിക്കുന്നത് തങ്ങളുടെ ജന്മാവകാശമാണെന്നാണ് സിപിഎമ്മിനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗത്തിന്റെ വിചാരം.
നിരന്തരം നേരിടേണ്ടി വന്ന ഉപദ്രവത്തെ പറ്റി വീട്ടില് പറയാറുണ്ടായിരുന്നു എന്ന് കൊല്ലപ്പെട്ട സ്വപ്നദീപിന്റെ അച്ഛന് എന്നോട് പറഞ്ഞു. വിദ്യാര്ഥിയുടെ മരണത്തില് അത്യന്തം ആശങ്കയും ദുഃഖവുമുണ്ടെന്നും മമത പറഞ്ഞു.
ഓഗസ്റ്റ് ഒമ്പതാം തീയതിയാണ് ബി.എ. ബെംഗാളി(ഹോണേഴ്സ്) ഒന്നാം വര്ഷ വിദ്യാര്ഥിയായ സ്വപ്നദീപ് കുണ്ടുവിനെ ഹോസ്റ്റല് കെട്ടിടത്തില്നിന്ന് വീണ് മരിച്ചനിലയില് കണ്ടെത്തിയത്.
സ്വപ്നദീപ് ഹോസ്റ്റലില് സീനിയര് വിദ്യാര്ഥികളില് നിന്ന് ക്രൂരമായ റാഗിങ്ങിനിരയായെന്നും ഇതിനുപിന്നാലെയാണ് മരണം സംഭവിച്ചതെന്നുമാണ് ആരോപണം.
18-കാരനായ വിദ്യാര്ഥിയുടെ മരണത്തില് സര്വകലാശാലയിലെ മൂന്നു വിദ്യാര്ഥികളെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.