കോൽക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയും മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി. ചിദംബരവും തമ്മില്‍ കൂടിക്കാഴ്ച നടത്തി.
ബംഗാൾ സെക്രട്ടേറിയറ്റിൽ ഇന്നലെ വൈകിട്ടായിരുന്നു കൂടിക്കാഴ്ച. ഇരുനേതാക്കളും അടച്ചിട്ട മുറിയില്‍ അരമണിക്കൂറോളം ചർച്ച നടത്തി. പാർലമെന്റ് ചേരാനിരിക്കെയാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്ച. പ്രതിപക്ഷ നേതൃസ്ഥാനം, പാർലമെന്റിലെ സഹകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചർച്ചയായെന്നാണു സൂചന.
ബംഗാൾ കോൺഗ്രസ് നേതൃത്വത്തെ അറിയിക്കാതെയായിരുന്നു ചിദംബരം മമതയുമായി ചർച്ചയ്ക്കെത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ബംഗാൾഘടകവും ഭരണകക്ഷിയായ തൃണമൂലും തമ്മിലുള്ള അസ്വാരസ്യം ഉപേക്ഷിച്ച് ഇരു പാർട്ടികളുടെയും ഉന്നത നേതൃത്വം വീണ്ടും അടുക്കുമെന്ന സൂചന നൽകുന്ന തരത്തിൽ കൂടിക്കാഴ്ചയ്ക്കു പ്രാധാന്യമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.