രാഷ്ട്രീയ പരമായി തങ്ങള്‍ ശത്രുതയിലാണെങ്കിലും മമത ബാനര്‍ജിയുമായി താന്‍ വളരെയധികം സൗഹൃദത്തിലാണെന്നും മമത ബാനര്‍ജി എല്ലാ വര്‍ഷവും തനിക്ക് ഒന്നോ രണ്ടോ കുര്‍ത്തകള്‍ സമ്മാനമായി നല്കാറുണ്ടെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന വളരെയധികം ചര്‍ച്ചയായിരുന്നു.
എന്നാല്‍ ഇത് അണികളുടെയിടയില്‍ തെറ്റിദ്ധാരണ പരത്താനുള്ള മോദിയുടെ ശ്രമമാണെന്നാണ് തൃണമൂല്‍ നേതാക്കള്‍ പറയുന്നത്. മോദിക്ക് മാത്രമല്ല, മറ്റ് പല രാഷ്ട്രീയ നേതാക്കള്‍ക്കും ദീദി ഇത്തരത്തില്‍ സമ്മാനങ്ങള്‍ അയക്കാറുണ്ടെന്നും ഇത് മോദിക്ക് മാത്രമല്ലെന്നുമാണ് അവര്‍ പറയുന്നത്.
‘മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്ക് അദ്ദേഹത്തിന് ഇഷ്ടപ്പെട്ട മാങ്ങ, മധുരപലഹാരങ്ങള്‍, കുര്‍ത്ത എന്നിവ എല്ലാവര്‍ഷവും അയക്കാറുണ്ട്. മാത്രമല്ല കൂടിക്കാഴ്ച നടത്താനായി പോകുമ്പോഴെല്ലാം എന്തെങ്കിലും സമ്മാനങ്ങള്‍ കൊണ്ടുപോകും.
രാം നാഥ് കോവിന്ദിനും ഇത്തരത്തില്‍ സമ്മാനങ്ങള്‍ അയച്ചുകൊടുക്കാറുണ്ട്. അത് തന്നെയാണ് മോദിയ്ക്കും നല്‍കിയത്. ഇതൊന്നും അത്ര വലിയ കാര്യമല്ല. അങ്ങേയറ്റം ഉപചാരശീലമുള്ള എല്ലാവരോടും ബഹുമാനം വെച്ചുപുലര്‍ത്തുന്ന നേതാവാണ് മമത ദീദി. അടല്‍ ബിഹാരി വാജ്പേയിയ്ക്ക് മമതാ ജീ ബംഗാളി പലഹാരമായ മാല്‍പൂവ കൊടുത്തയക്കുമായിരുന്നു. അദ്ദേഹത്തിന് അത് ഏറെ ഇഷ്ടമായിരുന്നു. തൃണമൂല്‍ നേതാവ് പഞ്ഞു.
ദീദി മോദി ധാരണയില്‍ പോകുകയാണെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനത്തേയും നേതാക്കള്‍ തള്ളിക്കളഞ്ഞു. ഇത് മമത ബാനര്‍ജിയാണ്. മുന്‍ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായ ബുദദേബ് ഭട്ടാചാര്യയുമായി നല്ല ബന്ധം പുലര്‍ത്തിയ, അദ്ദേഹത്തിന്റെ ഫ്ളാറ്റ് അറ്റകുറ്റപ്പണികള്‍ നടത്തി കൊടുത്ത, രോഗാവസ്ഥയില്‍ അദ്ദേഹത്തെ നിരന്തരം ഫോണില്‍ ബന്ധപ്പെട്ട് അസുഖവിവരങ്ങള്‍ തിരക്കിപ്പോന്ന ദീദി. നേതാക്കള്‍ പറയുന്നു.
നല്ല സൗഹൃദങ്ങളെപ്പോലും രാഷ്ട്രീയവത്ക്കരിക്കുകയും അതുവഴി വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കാന്‍ മോദി മനഃപൂര്‍വ്വം ശ്രമിക്കുകയുമാണ്. മറ്റ് തന്ത്രങ്ങള്‍ പരാജയപ്പെട്ടതുപോലെ അദ്ദേഹത്തിന്റെ ഈ തന്ത്രവും പരാജയപ്പെടും- തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തനിക്ക് ബംഗാളി പലഹാരങ്ങള്‍ തന്നു എന്നറിഞ്ഞപ്പോള്‍ മമത തനിക്ക് മധുരപലഹാരങ്ങള്‍ തരാന്‍ തുടങ്ങിയെന്നായിരുന്നു അക്ഷയ്കുമാറുമായുള്ള സംഭാഷണ പരിപാടിയ്ക്കിടെ മോദി പറഞ്ഞത്.