നിയാസ് മുസ്തഫ
പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിക്ക് നിർണായക ദിവസമാണ് ഇന്ന്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെയും അനുഭാവികളെയും പങ്കെടുപ്പിച്ച് മമത നടത്തുന്ന യുണൈറ്റഡ് ഇന്ത്യ റാലിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.
കോൽക്കത്ത നഗരത്തിലേക്കും സമ്മേളനവേദിയായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലേ ക്കും ലക്ഷക്കണക്കിന് പ്രവർത്തകർ ഒഴുകി തുട ങ്ങി. മമതയോട് മമത കാട്ടി രാജ്യത്തിന്റെ ഐക്യത്തിനും പുരോഗതിക്കും വേണ്ടി പ്രതിപക്ഷ നിരയിലെ പ്രബല നേതാക്കൾ കൂടി പങ്കെടുക്കുന്നതോടെ റാലി ചരിത്രമായി മാറും.
2019ന്റെ തുടക്കത്തിൽ ബിജെപി സർക്കാരിനെതിരേ മമത വലിയൊരു പ്രതിഷേധക്കടൽ തീർക്കുന്പോൾ രണ്ട് ലക്ഷ്യങ്ങളാണ് മമതയുടെ മനസിലുള്ളത്. ഒന്ന്, സ്വപ്നമായി കൊണ്ടു നടക്കുന്ന പ്രധാനമന്ത്രിക്കസേരയിലേക്ക് എത്തുക. രണ്ട്, നരേന്ദ്രമോദി നയിക്കുന്ന ബിജെപി സർക്കാരിനെ തൂത്തെറിയുക.
കോൺഗ്രസിന്റെ നേതൃത്വത്തിൽ ബിജെപിക്കെതിരേ പ്രതിപക്ഷത്തെ അണിനിരത്തി ബദൽ സംവിധാനം ശക്തി പ്രാപിക്കുന്പോൾ തൃണമൂൽ കോൺഗ്രസ് പോലുള്ള പാർട്ടികൾ പല സംസ്ഥാനത്തും കോൺഗ്രസിനെ കൂട്ടാതെ ഒറ്റയ്ക്കും സഖ്യവുമൊക്കെയായി മത്സരിക്കുന്നുവെന്നത് കോൺഗ്രസിന് അത്ര സുഖകരമല്ല. ബിജെപി അധികാരത്തിൽനിന്ന് ഒഴിയണം എന്ന കാര്യത്തിൽ കോൺഗ്രസിനോട് വേറിട്ടു നിൽക്കുന്ന പ്രതിപ ക്ഷ കക്ഷികൾക്ക് അഭിപ്രായ വ്യത്യാസമില്ല.
എന്നാൽ കോൺഗ്രസിന് ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കരുതെന്ന് ഇവർ ആഗ്രഹിക്കുകയും ചെയ്യുന്നു. അങ്ങനെ വന്നാലേ വിലപേശി സമ്മർദ ശക്തിയായി അധികാരത്തിൽ എത്താൻ ഇത്തരം കക്ഷികൾക്കാകൂ. ഈ തിരിച്ചറിവിലാണ് മമതയുടെയും രാഷ്ട്രീയം. വരുന്ന തെരഞ്ഞെടുപ്പിൽ രാജ്യം ആരു ഭരിക്കുമെന്ന് പ്രാദേശിക പാർട്ടികൾ തീരുമാനിക്കുമെന്ന് മമത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കോൺഗ്രസിന് ഒറ്റയ്ക്കു ഭരിക്കാനുള്ള സാധ്യത ഇല്ലാതെ വരികയും പ്രാദേശിക പാർട്ടികൾക്ക് മികച്ച മേധാവിത്വം കിട്ടുകയും ചെയ്താൽ പ്രാദേശിക പാർട്ടികളുടെ നേതാവായി പ്രധാനമന്ത്രിക്കസേരയിൽ എത്താൻ കഴിയുമെന്നാണ് മമതയുടെ കണക്കുകൂട്ടൽ. ഇതിനായിട്ടാണ് പ്രതിപക്ഷനിരയിലെ കക്ഷികളെയെല്ലാം കൂട്ടി മമത ഇപ്പോൾ ഒരു മഹാറാലി സംഘടിപ്പിച്ചതിനു പിന്നിലെ തന്ത്രവും.
ഇതു തിരിച്ചറിഞ്ഞതോടെയാണ് മറ്റൊരു പ്രധാനമന്ത്രി മോഹിയായ ബിഎസ്പി നേതാവ് മായാവതി റാലിയിൽനിന്ന് വിട്ടുനിൽക്കുന്നത്. മമത ബാനർജിക്ക് പ്രാദേശിക പാർട്ടികളിൽ പലരുടെയും പിന്തുണ നേടാനായിട്ടുണ്ട്. പ്രധാനമന്തി സ്ഥാനത്തേക്ക് മമത വരുന്നതിൽ തെറ്റില്ലെന്ന നിലപാടും അവരിൽ പലർക്കുമുണ്ട്.
ഒറ്റയ്ക്കു ഭരിക്കാനുള്ള വ്യക്തമായ ഭൂരിപക്ഷം കിട്ടാതെ പോയാൽ കോൺഗ്രസ് കർണാടക നിയമസഭയിൽ പയറ്റിയതുപോലെ പ്രാദേശിക പാർട്ടികൾക്ക് പിന്തുണ നൽകി കേന്ദ്രത്തിൽ അധികാരത്തിൽ വരാനും ശ്രമിച്ചേക്കാം. അങ്ങനെ വന്നാലും മമതയുടെ പ്രധാനമന്ത്രി മോഹം നടന്നേക്കും.ബിജെപി ഭരണത്തിന്റെ അന്ത്യം കുറിക്കുക എന്ന ബൃഹത്തായ ലക്ഷ്യവും മമതയുടെ റാലിക്കു പിന്നിലുണ്ട്. ഈയൊരു ലക്ഷ്യംവച്ചാണ് ബഹുഭൂരിപക്ഷം പ്രതിപക്ഷ നേതാക്കളും ഈ റാലിയുടെ ഭാഗമാകുന്നതും.
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, എൻസിപി അധ്യക്ഷൻ ശരത് പവാർ, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ശരദ് യാദവ്, ജെഎംഎം അധ്യക്ഷൻ ഹേമന്ത് സോറൻ, മുഖ്യമന്ത്രിമാരായ എച്ച്.ഡി. കുമാരസ്വാമി, ചന്ദ്രബാബു നായിഡു, അരവിന്ദ് കേജരിവാൾ, മുൻ മുഖ്യമന്ത്രിമാരായ ഫാറുഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, ആർജെഡി നേതാവ് തേജസ്വി യാദവ്, ഡിഎംകെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ, വിമത ബിജെപി നേതാവ് ശത്രുഘൻ സിൻഹ തുടങ്ങിയവർ റാലിയിൽ പങ്കെടുക്കും.
കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും യുപിഎ ചെയർപേഴ്സൺ സോണിയ ഗാന്ധിയും മമതയുടെ റാലിയിൽ പങ്കെടുക്കുന്നില്ലെങ്കിലും അവരുടെ ആശീർവാദം റാലിക്കുണ്ട്. കോണ്ഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെയും അഭിഷേക് മനു സിംഗ്വിയുമാണ് റാലിയിൽ പങ്കെടുക്കുന്ന കോണ്ഗ്രസ് നേതാക്കൾ.
ഒഡീഷയിലെ ഭരണകക്ഷിയായ ബിജെഡി റാലിയിൽ പങ്കെടുക്കുന്നില്ല. ബിജെപിയുമായും കോൺഗ്രസുമായും തുല്യ അകലം പാലിക്കുമെന്നാണു ബിജെഡിയുടെ നിലപാട്. സിപിഎം അടക്കമുള്ള ഇടതുപാർട്ടികളും റാലിയിൽ പങ്കെടുക്കുന്നില്ല.