നിയാസ് മുസ്തഫ
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഡൽഹി സന്ദർശനം ഉറ്റുനോക്കി രാഷ്ട്രീയ നിരീക്ഷകർ. ഇന്നലെ ഡൽഹിയിലെത്തിയ മമത പാർട്ടിയുടെ ലോക്സഭ, രാജ്യസഭ എംപിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
തൃണമൂൽ കോണ്‍ഗ്രസ് രാജ്യസഭാ ഡെപ്യൂട്ടി ലീഡർ സുഖേന്ദു ശേഖർ റോയിയുടെ ഒൗദ്യോഗിക വസതിയിൽ വച്ചായിരുന്നു മമതയുടെ എംപിമാരുമായുള്ള കൂടിക്കാഴ്ച.
സ്കൂൾ നിയമന അഴിമതിയിൽ കുടുങ്ങിയതോടെ പാർട്ടിയിലും സർക്കാരിലും തഴയപ്പെട്ട പാർത്ഥ ചാറ്റർജിയുടെ സ്ഥാനത്തേക്ക് ഉയർന്നു വന്ന മമതയുടെ മരുമകൻ കൂടിയായ അഭിഷേക് മമതയോടൊപ്പം യോഗത്തിൽ സജീവമായി പങ്കെടുത്തിരുന്നു.
എംപിമാരുമായുള്ള യോഗത്തിൽ മമത ഒരു മണിക്കൂറോളം ചെലവഴിച്ചു. മണ്‍സൂണ്‍ സമ്മേളനത്തിന്റെ ഇനിയുള്ള ദിവസങ്ങളിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചാണ് യോഗത്തിൽ ചർച്ചയായത്.
പാർത്ഥ ചാറ്റർജിയെ ഇഡി വഴി പൂട്ടിയത് തങ്ങളുടെ പാർട്ടിയെ തകർക്കാനുള്ള ബിജെപിയുടെ തന്ത്രത്തിന്റെ ഭാഗമായിട്ടാണെന്ന് തൃണമൂൽ കോണ്‍ഗ്രസ് നേതാക്കൾ ആക്ഷേപം ഉന്നയിക്കുന്ന വേളയിലാണ് മമതയുടെ ഡൽഹി സന്ദർശനം എന്നത് ശ്രദ്ധേയമാണ്.
പ്രധാനമന്ത്രിയെ കാണും
ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മമത കൂടിക്കാഴ്ച നടത്തുന്നുണ്ട്.ഇതോടൊപ്പം രാഷ്ട്രപതി ദ്രൗപദി മുർമുവിന് ആശംസ നേരാൻ അവർ രാഷ്ട്രപതി ഭവൻ സന്ദർശിക്കുകയും ചെയ്യുന്നുണ്ട്.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഭരണപരമായ വിഷയങ്ങളിൽ മാത്രമായിരിക്കുമെന്നും രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയാവില്ലെന്നും മുതിർന്ന തൃണമൂൽ കോണ്‍ഗ്രസ് നേതാവ് പറയുന്നു.
സോണിയയെ കണ്ടേക്കും
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി മമത കൂടിക്കാഴ്ച നടത്തിയേക്കാനുള്ള സാധ്യതയുമുണ്ട്.കോണ്‍ഗ്രസിന് കൂടി പങ്കാളിത്തമുള്ള ജാർഖണ്ഡ് സർക്കാരിനെ അട്ടിമറിക്കാൻ കോണ്‍ഗ്രസ് എംഎൽഎമാരെ ഉപയോഗിച്ച് ബിജെപി നടത്തിയ ശ്രമം തകർത്തത് പശ്ചിമബംഗാൾ പോലീസ് ആണെന്നും ഇത് കോണ്‍ഗ്രസ് അംഗീകരിക്കണമെന്നും സോണിയയോട് മമത കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടേക്കും.
ശനിയാഴ്ച ആംആദ്മി പാർട്ടി, ഡിഎംകെ, ടിആർഎസ് തുടങ്ങിയ കോണ്‍ഗ്രസ് ഇതര പാർട്ടികളുടെ ഉന്നത നേതാക്കളുടെ യോഗത്തിൽ മമത ബാനർജി പങ്കെടുത്തേക്കും.
നീതി ആയോഗിന്റെ ജനറൽ ഗവേണിംഗ് കൗൺസിൽ യോഗത്തിലും മമത പങ്കെടു ക്കുന്നുണ്ട്. ഓഗസ്റ്റ് എട്ടിന് കൊൽക്കത്തയിലേക്ക് അവർ മടങ്ങും.