തിരുവനന്തപുരം: എംഎൽഎ സ്ഥാനം രാജിവച്ചത് പോരാട്ടത്തിന്റെ അടുത്തഘട്ടമായിട്ടാണെന്ന് പി.വി. അൻവർ. പിണറായിസത്തിനെതിരsയാണ് തന്റെ പോരാട്ടമെന്നും അതിന് പിന്തുണ നൽകിയ പൊതുസമൂഹത്തിന് നന്ദിയെന്നും അൻവർ പറഞ്ഞു. താൻ രാജിവച്ചത് മമത ബാനർജിയുടെ നിർദേശമനുസരിച്ചാണ്.
രാജി വച്ച് പോരാട്ടത്തിനിറങ്ങാൻ മമത ആവശ്യപ്പെട്ടു. മമത ബാനർജിയെ വീഡിയോ കോണ്ഫറൻസിലൂടെ കണ്ടു. കേരളത്തിലെ വന്യജീവി ആക്രമണങ്ങളെക്കുറിച്ച് തൃണമൂൽ കോണ്ഗ്രസ് നേതാക്കളെ ധരിപ്പിച്ചു. പാർലമെന്റിൽ വിഷയം ഉന്നയിക്കാമെന്ന് അവർ ഉറപ്പ് നൽകിയെന്നും അൻവർ വ്യക്തമാക്കി. മലയോര മേഖലയിലെ ജനങ്ങൾക്കായി പോരാട്ടം തുടരും . രാജിവച്ചത് അയോഗ്യത ഒഴിവാക്കാനാണ്. ശനിയാഴ്ച തന്നെ ഇ-മെയിലുടെ രാജി നൽകി.
ഒരുപാട് പാപഭാരങ്ങൾ ചുമന്നയാളാണ് താനെന്നും പി.വി.അൻവർ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ താൻ ഉന്നയിച്ച അഴിമതിയാരോപണം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ നിർദേശപ്രകാരമായിരുന്നു. ഈ കാര്യത്തിൽ പ്രതിപക്ഷ നേതാവിനോടും കുടുംബത്തോടും പരസ്യമായി മാപ്പ് ചോദിക്കുന്നുവെന്നും അൻവർ പറഞ്ഞു.
നിലന്പൂരിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ല. യുഡിഎഫിന് നിരുപാധിക പിന്തുണ നൽകും. മുഖ്യമന്ത്രി കോക്കസിൽ കുടുങ്ങി കിടക്കുകയാണ്. പി. ശശിയും എഡിജിപി. അജിത്ത് കുമാറും ഉൾപ്പെട്ടവരാണ് കോക്കസ് . നിലന്പൂരിൽ ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയെ മത്സരിപ്പിക്കണമെന്നും അൻവർ പറഞ്ഞു.
മലയോര മേഖലയെ അടുത്തറിയാവുന്ന ആളാണ് ജോയിയെന്നും അൻവർ പറഞ്ഞു. പിണറായി സർക്കാരിന്റെ കൗണ്ട് ഡൗണ് തുടങ്ങിയെന്നും പിണറായിസത്തിനെതിരേയുള്ള പോരാട്ടവുമായി മുന്നോട്ടു പോകുമെന്നും അൻവർ വ്യക്തമാക്കി. ലീഗ് സോഫ്റ്റ് പാർട്ടിയാണെന്നും അൻവർ കൂട്ടിച്ചേർത്തു.
വാര്ത്താസമ്മേളനത്തില് ആര്യാടന് ഷൗക്കത്തിനെ പരിഹസിച്ച അന്വര് ആരാണ് ആര്യാടൻ ഷൗക്കത്തെന്നും സിനിമ പിടിച്ച് നടക്കുകയാണെന്നും പറഞ്ഞു. ഷൗക്കത്തിനെ താന് പിന്തുണക്കില്ലെന്നും വ്യക്തമാക്കി. എംഎൽഎ സ്ഥാനം രാജിവച്ച ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അൻവർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.