നിയാസ് മുസ്തഫ
പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോണ്ഗ്രസ് നേതാവുമായ മമത ബാനർജി ലക്ഷ്യംവയ്ക്കുന്നത് കോണ്ഗ്രസ് മുക്ത ഭാരതമോ ?
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപിയുടെയും കോണ്ഗ്രസ് മുക്ത ഭാരതം എന്ന രാഷ്ട്രീയ സ്വപ്നത്തിനൊപ്പം മമതയും സഞ്ചരിക്കുന്നതായി ചൂണ്ടിക്കാട്ടി പശ്ചിമബംഗാളിലെ ആർഎസ്എസ് അനുകൂല മാസിക സ്വസ്തികയിൽ വന്ന ലേഖനം ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയായിട്ടുണ്ട്.
സ്വസ്തികയിൽ നിർമല്യ മുഖോപാധ്യായ എഴുതിയ ലേഖനത്തിലാണ് മമതയുടെ രാഷ്ട്രീയം ചർച്ചയാകുന്നത്.ബിജെപിക്ക് ബദൽ ശക്തിയാകാൻ പ്രതിപക്ഷ നിരയെ ഐക്യപ്പെടുത്താൻ മമത ബാനർജി ശ്രമിക്കുന്പോഴും പ്രധാന പ്രതിപക്ഷമായ കോണ്ഗ്രസിനെ മമത കാര്യമായി പരിഗണിക്കുന്നില്ലായെന്നത് രാഷ്ട്രീയ അണിയറയിൽ സംസാരമാകുന്ന വേളയിലാണ് ലേഖനം വന്നിരിക്കുന്നത്.
അതേസമയം, ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കുകയെന്ന ലക്ഷ്യമാണ് തങ്ങളെ നയിക്കുന്നതെന്നും 2024ൽ ബിജെപിക്ക് ഭരണം കിട്ടാതിരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും മറിച്ചുള്ള പ്രചാരണത്തിൽ വാസ്തവമില്ലായെന്നുമുള്ള നിലപാടാണ് തൃണമൂൽ കോണ്ഗ്രസ് നേതാക്കൾ പങ്കുവയ്ക്കുന്നത്.
എന്നാൽ, ലേഖനത്തിലെ പരാമർശത്തെ ശരിവയ്ക്കുന്ന തരത്തിലാണ് കോണ്ഗ്രസ് സംസാരിക്കുന്നത്.തൃണമൂൽ കോണ്ഗ്രസ് ഞങ്ങളുടെ പാർട്ടിക്കെതിരേ സംസാരിക്കുന്നത് ഇതാദ്യമല്ല. നേരത്തെ ബിജെപിക്കൊപ്പമായിരുന്ന അവർ എൻഡിഎ സർക്കാരിനെ പിന്തുണച്ചിരുന്നു.
2024ൽ കൂട്ടായി സർക്കാർ രൂപീകരിക്കാൻ മമതയും മോദിയും ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാണ്- ബംഗാൾ കോണ്ഗ്രസ് നേതാവ് അമിതാഭ ചക്രവർത്തി പറഞ്ഞു.ലേഖനത്തിൽ പറയുന്നത് കോളമിസ്റ്റിന്റെ അഭിപ്രായമാണ്. അദ്ദേഹം ഞങ്ങളുടെ മാസികയിൽ സ്ഥിരമായി എഴുതുന്ന ആളാണ്.
അദ്ദേഹത്തിന് അഭിപ്രായം പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ട്. ഞങ്ങൾ ഒരു നിഗമനത്തിലെത്തുന്നില്ല. ലേഖനത്തിനെതിരേ ആർക്കെങ്കിലും എന്തെങ്കിലും എതിരഭിപ്രായം ഉണ്ടെങ്കിൽ, അവർ വസ്തുതകൾ ഉപയോഗിച്ച് എതിർക്കാവുന്നതാണെന്ന് മാഗസിൻ എഡിറ്റർ തിലക് രഞ്ജൻ ബേര ദേശീയ മാധ്യമത്തോട് പറഞ്ഞു.
മാഗസിൻ മുൻ എഡിറ്റർ ബിജോയ് അധ്യ പറയുന്നത് സമകാലിക രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണ് കോളം. സമീപകാല രാഷ്ട്രീയ പ്രവർത്തനങ്ങൾ നിരീക്ഷിച്ച ശേഷമാണ് കോളമിസ്റ്റ് തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.
കഴിഞ്ഞ ദിവസം പശ്ചിമ ബംഗാൾ ഗ്ലോബൽ ബിസിനസ് ഉച്ചകോടിയുടെ ഉദ്ഘാടനത്തിന് ക്ഷണിക്കാൻ മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നതും വരാനിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഒഴിവാക്കി സഖ്യമുണ്ടാക്കാൻ മമത നടത്തുന്ന ശ്രമങ്ങളുമെല്ലാം കോൺഗ്രസ് സംശയദൃഷ്ടിയോടെയാണ് നോക്കിക്കാണുന്നത്.