കൊൽക്കത്ത: കാലുമാറി പാർട്ടിയിൽ ചേക്കേറിയവർക്ക് ബിജെപിയുടെ അന്തിമ സ്ഥാനാർഥിപ്പട്ടികയിലും മുന്തിയ പരിഗണന.
കഴിഞ്ഞനാൾ പുറത്തുവിട്ട ലിസ്റ്റിൽ മറ്റു പാർട്ടികളിൽനിന്ന് എത്തിയ 20 പേർ ഇടംനേടി. സീറ്റിനായി കാത്തിരുന്ന പ്രവർത്തകരിൽ പലരും നിരാശ സഹിക്കാനാവാതെ പാർട്ടിവിട്ടു. പരസ്യ പ്രതിഷേധങ്ങൾ തുടരുകയുമാണ്.
അതേസമയം, തൃണമൂൽ വിട്ടുപോയ വഞ്ചകർക്ക് തെരഞ്ഞെടുപ്പിൽ സീറ്റുകൾ കിട്ടുന്പോൾ പഴയകാല ബിജെപിക്കാർ വീട്ടിലിരുന്ന് പൊട്ടിക്കരയേണ്ട ഗതികേടിലാണെന്ന് മുഖ്യമന്ത്രി മമത ബാനർജി പരിഹാസവുമായി രംഗത്തെത്തി.
ബിജെപി ദേശീയ വൈസ് പ്രസിഡന്റ് മുകുൾ റോയ്, മകനും ഇക്കഴിഞ്ഞ നിയമസഭയിലെ തൃണമൂല പ്രതിനിധിയുമായ ശുഭ്രാംശു റോയ്, മഹിളാ മോർച്ച അധ്യക്ഷ അഗ്നിമത്ര പോൾ, സിനിമാ താരങ്ങളായ രുദ്രാനിൽ ഷോഘ്, ശ്രാബന്ധി ചതോപാധ്യായ, പാർണോ മിത്ര തുടങ്ങിയവർ ബിജെപിയുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
മമതയുടെ തട്ടകമായ ഭവാനിപുരിലാണ് മുൻ തൃണൂലുകാരനായ ഷോഘ് മത്സരിക്കുന്നത്. വിദ്യാഭ്യാസമന്ത്രിയും മുതിർന്ന തൃണമൂൽ നേതാവുമായ പാർഥ ചാറ്റർജിക്ക് എതിരേ ശ്രാബന്ധി മത്സരിക്കും.
പ്രമുഖ യുവമോർച്ച നേതാവും അന്തരിച്ച ബിജെപി നേതാവ് തപൻ സിക്ദറുടെ അനന്തരവനുമായ സൗരവ് സിക്ദർ പാർട്ടി പദവികളെല്ലാം രാജിവച്ചു.
അതേസമയം ബിജെപി സ്ഥാനാർഥികളെന്നു പ്രഖ്യാപിച്ച ചിലർ തങ്ങൾ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചത് പാർട്ടിക്കു കടുത്ത ക്ഷീണമാവുകയും ചെയ്തിട്ടുണ്ട്.