കോൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് പരിക്ക്. നന്ദിഗ്രാമിൽ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്പോഴായിരുന്നു സംഭവം.
കാലിലാണ് പരിക്കേറ്റത്. മുഖത്തും മുറിവുണ്ടെന്ന് പറയുന്നു. തിക്കിലുംതിരക്കിലും പരിക്കേറ്റതായതായാണ് കരുതുന്നത്.
എന്നാൽ കാറിൽ കയറുന്നതിനിടെ മൂന്നുനാല് പുരുഷൻമാർ ചേർന്ന് തന്നെ തള്ളിയതായി മമത ആരോപിച്ചു.
തനിക്കെതിരെ ഗൂഡാലോചന നടക്കുന്നുണ്ട്. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകുമെന്നും മമത പറഞ്ഞു.
ഒരു പോലീസ് ഉദ്യോഗസ്ഥൻപോലും ഉണ്ടായിരുന്നില്ല. പൊതുസ്ഥലത്തുവച്ച് മൂന്നുനാല് പേർ ചേർന്ന് തന്നെ കൈകാര്യം ചെയ്തു.
പരിപാടിയിൽ എസ്പിപോയിട്ട് ഒരു പോലീസുകാരനെപോലും കണ്ടില്ല. ഇതിൽ തീർച്ചയായും ഗൂഡാലോചനയുണ്ട്.
അഞ്ച് മണിക്കൂറോളം നീളുന്ന വലിയ പൊതുപരിപാടിയിൽ പോലീസ് ഉദ്യോഗസ്ഥരാരും ഉണ്ടായില്ല.
എന്താണ് സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല, പക്ഷേ സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ ഉയർത്തി കാറിന്റെ പിൻസീറ്റിൽ ഇരുത്തുന്നതായി കാണാം.
ഇന്ന് രാത്രി നന്ദിഗ്രാമിൽ ചെലവഴിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മമത വൈകുന്നേരം തന്നെ കോൽക്കത്തയ്ക്കു മടങ്ങി.
തൃണമൂലിലെ കരുത്തനായിരുന്ന സുവേന്ദു അധികാരിക്കെതിരേയാണു നന്ദിഗ്രാമിൽ മമതയുടെ മത്സരം.