കോൽക്കത്ത: ബിജെപിയുടേയും കേന്ദ്രസർക്കാരിന്റെയും ഇടപെടൽ കൂടാതെ സംസ്ഥാനത്ത് സമാധാനപരവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇക്കാര്യം ആവശ്യപ്പെട്ട് മമത തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.
പൊതുതെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ആരംഭിക്കുന്നതിനു തലേന്നാണ് മമത മുഖ്യതെര.കമ്മീഷൻ സുനിൽ അറോറയ്ക്കു കത്തെഴുതിയത്. സംസ്ഥാനത്ത് സമാധാനപരവും നിഷ്പക്ഷവും കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഇടപെടലും ഇല്ലാതെയുള്ള തെരഞ്ഞെടുപ്പ്, തെര. കമ്മീഷൻ ഉറപ്പ് വരുത്തണമെന്ന് മമത കത്തിൽ ആവശ്യപ്പെട്ടു. ജനാധിപത്യ സ്ഥാപനങ്ങളെയും രാജ്യത്തിന്റെ ഫെഡറൽ സംവിധാനങ്ങളെയും സംരക്ഷിക്കുകയും പ്രതിപക്ഷപാർട്ടികൾക്ക് അർഹിക്കുന്ന ബഹുമാനം നൽകുകയും വേണമെന്നും മമത കത്തിൽ ചൂണ്ടിക്കാട്ടി.
കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഇടപെടലിൽ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വേളയിൽ നിരവധി നിയമവിരുദ്ധമായ, ഭരണഘടനാ വിരുദ്ധമായ, പക്ഷപാതപരമായ തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഫലമായി സംസ്ഥാന ഭരണകൂടവും അതിന്റെ ഉദ്യോഗസ്ഥരും പൊതുജനങ്ങളും അവഹേളനത്തിനും ആക്രമണത്തിനും വിധേയമായിട്ടുണ്ടെന്നും മമത കത്തിൽ പറയുന്നു.