നിയാസ് മുസ്തഫ
പശ്ചിമബംഗാളിൽ അധികാരം ഉറപ്പിച്ചശേഷം മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി അധികാരത്തിലെത്താനുള്ള ശ്രമം തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി തുടങ്ങി.
ഇതിന്റെ ഭാഗമായി ഗോവയിൽ ഇന്ന് മമത ബാനർജി സന്ദർശനം നടത്തുകയാണ്.
ഗോവ ഫോർവേഡ് പാർട്ടി (ജി എഫ്പി) അധ്യക്ഷൻ വിജയ് സർദേശായിയുമായി മമത ഇന്ന് രാവിലെ നിർണായകമായ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഈ കൂടിക്കാഴ്ചയിൽ തൃണമൂൽ കോൺഗ്രസ്- ജിഎഫ്പി സഖ്യം സംബന്ധിച്ച് നിർണായക തീരുമാനമുണ്ടാകാനുള്ള സാധ്യത കാണുന്നുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കവേ മമതയും വിജയ് സർദേശായിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യം കൈവന്നിട്ടുണ്ട്.
നേരത്തേ ബിജെപിയുടെ ഭാഗമായി അധികാരത്തിൽ ഉണ്ടായിരുന്ന പാർട്ടിയാണ് ഗോവ ഫോർവേഡ് പാർട്ടി. പിന്നീട് ബിജെപിയുമായുള്ള സഖ്യം ഇവർ ഉപേക്ഷിക്കുകയായിരുന്നു.
നിലവിൽ 40അംഗ നിയമസഭയിൽ മൂന്ന് എംഎൽഎമാർ ജിഎഫ്പിക്കുണ്ട്. ബിജെപി സർക്കാരിൽ ഉപമുഖ്യമന്ത്രി കൂടിയായിരുന്നു വിജയ് സർദേശായി.
തൃണമൂൽ കോണ്ഗ്രസിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ സർദേശായിയെ കാണുകയും ജിഎഫ്പി തൃണമൂൽ കോൺഗ്രസുമായി സഖ്യത്തിൽ വരണമെന്ന് നിർബന്ധിക്കുകയും ചെയ്തിരുന്നു.
അതേസമയം, ഒരു പാർട്ടിയുമായും സഖ്യം വേണ്ടെന്നും സ്വതന്ത്രമായി തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ മതിയെന്നും അഭിപ്രായമുള്ളവരും ജിഎഫ്പിയിലുണ്ട്.
കോൺഗ്രസുമായി സഖ്യത്തിലേർപ്പെടാൻ ജിഎഫ്പി ആദ്യം ഒരുക്കമായിരുന്നു. എന്നാൽ കോൺഗ്രസ് നേതൃത്വം ഇതിനോട് വലിയ താല്പര്യം കാട്ടിയില്ല.
തുടർന്നാണ് തൃണമൂലുമായി ജിഎഫ്പി അടുക്കുന്നത്. ബിജെപിക്കെതിരെയുള്ള വിരുദ്ധവോട്ടുകൾ ചിതറാതിരിക്കാനും എല്ലാവരും ഒരുപോലെ നിന്ന് ബിജെപിയെ എതിർത്താൽ അധികാരത്തിൽനിന്ന് അവരെ പുറത്താക്കാൻ കഴിയുമെന്നും അഴിമതിയും വർഗീയ ഭരണവും അവസാനിപ്പിക്കാൻ പ്രതിപക്ഷ ഐക്യം നിർണായകമാണെന്നും സർദേശായി പറയുന്നു.
പശ്ചിമബംഗാളിനുശേഷം ഗോവയിൽ നിർണായക സ്വാധീനം ഉറപ്പിക്കാനുള്ള മമതയുടെ നീക്കത്തിന്റെ ഭാഗമായിട്ടാണ് ഇന്നത്തെ ഗോവ സന്ദർശനം.
2022 ന്റെ തുടക്കത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി ഘടകങ്ങളെ സജ്ജമാക്കാനും മമത ലക്ഷ്യം വയ്ക്കുന്നു.
ജിഎഫ്പി പോലെയുള്ള പാർട്ടികളുമായി ചേർന്ന് മത്സരിച്ചാൽ തൃണമൂൽ കോൺഗ്രസിന് ഗോവയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ സഹായിക്കുമെന്ന വിലയിരുത്തലിലാണ് മമതയുടെ നീക്കങ്ങൾ.