നിയാസ് മുസ്തഫ
രാഷ്ട്രീയത്തിൽ നേതാക്കൾ പോർവിളി നടത്തുന്പോൾ എതിരാളികളെ വിമർശിക്കാൻ പ്രത്യേക വാക്കുകൾ പരാമർശിക്കാറുണ്ട്. കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ എതിരാളികളെ വിളിച്ചിട്ടുള്ള പ്രത്യേക പരാമർശങ്ങൾ മലയാളികൾ കുറേ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ പശ്ചിമബംഗാളിൽനിന്ന് രണ്ട് പുതിയ വാക്കുകൾ വന്നിരിക്കുന്നു.
ഒന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ച ‘സ്പീഡ് ബ്രേക്കർ ’എന്ന പദമാണ്. മറ്റൊന്ന് മമത ബാനർജി നരേന്ദ്രമോദിയെ വിമർശിച്ച ‘എക്സ്പിയറി ബാബു’ എന്ന വാക്കുമാണ്.
ഇന്നലെ പശ്ചിമബംഗാളിലെ സിലിഗുരിയിലും കൊൽക്കത്തയിലും ബിജെപിയുടെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രിയാണ് ആദ്യം മമതയെ ‘സ്പീഡ് ബ്രേക്കർ’ എന്നു വിശേഷിപ്പിച്ചത്. ദീദി എന്ന പേരിൽ നിങ്ങൾക്ക് അറിയാവുന്നയൊരാളുണ്ട്. പശ്ചിമബംഗാളിന്റെ വികസനത്തെ തടയുന്ന സ്പീഡ് ബ്രേക്കറാണ് അതെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം.
പ്രധാനമന്ത്രിയുടെ വിമർശനത്തിന് കൂച്ച് ബെഹറിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽവച്ച് മമത തിരിച്ചടിച്ചു. ‘എക്സ്പയറി ബാബു’ ആണ് പ്രധാനമന്ത്രിയെന്നായിരുന്നു മമതയുടെ മറുപടി. അദ്ദേഹത്തെ പ്രധാനമന്ത്രിയെന്ന് വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞുവെന്നായിരുന്നു മമതയുടെ മറുപടി.
എന്തായാലും ബിജെപിയും മമതയും തമ്മിലുള്ള പോർവിളി ആദ്യത്തേതൊന്നുമല്ല. അടുത്തിടെ പ്രധാനമന്ത്രിയെ പരസ്യമായി രാഷ്ട്രീയ സംവാദത്തിന് മമത വെല്ലുവിളിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സ്പീഡ് ബ്രേക്കർ പരാമർശം വന്നതോടെ മമത വീണ്ടും വെല്ലുവിളി ആവർത്തിച്ചിരിക്കുകയാണ്.
ടെലിവിഷൻ കാമറകൾക്കു മുന്നിൽ തുറന്ന രാഷ്ട്രീയ സംവാദത്തിന് യുഎസ് പ്രസിഡന്റിന്റെ രീതിയിൽ മുന്നോട്ടുവരാൻ നരേന്ദ്രമോദിക്ക് ധൈര്യമുണ്ടോയെന്നാണ് മമതയുടെ വെല്ലുവിളി. നിങ്ങളോട് പൊരുതാൻ ഞാൻ തയാറാണ്. രാഷ്ട്രീയമായി ഞാൻ ചോദിക്കും. മറുപടി നൽകണം. എന്നോടും ചോദ്യങ്ങൾ ചോദിക്കാം. ഞാൻ മറുപടി നൽകും.
എനിക്ക് ഏതെങ്കിലും പേപ്പറുകളോ ടെലിപ്രോംപ്റ്ററുകളോ നിങ്ങളോട് സംവദിക്കാൻ വേണ്ട. മുൻകൂട്ടി തയാറാക്കിയ ചോദ്യങ്ങളുമായിരിക്കില്ല. എന്നോടുള്ള സംവാദം ജനങ്ങളോടുള്ള സംവാദമായിരിക്കും. നോക്കാം, ആർക്കാണ് ധൈര്യമുള്ളതെന്ന്-മമതയുടെ വെല്ലുവിളി ഇങ്ങനെയാണ്.
പക്ഷേ ഇതുവരെ പ്രധാനമന്ത്രി നരേന്ദ്രമോദിയോ ബിജെപി കേന്ദ്രനേതൃത്വമോ ഈ വെല്ലുവിളിയെ കാര്യമായി എടുത്തിട്ടില്ലായെന്നതാണ് ശ്രദ്ധേയം. എന്തായാലും കൊണ്ടും കൊടുത്തും ബിജെപിയും മമതയും മുന്നേറുന്പോൾ പശ്ചിമബംഗാളിന്റെ തലവര ആരുടെയൊപ്പമെന്ന് അറിയാൻ കാത്തിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.