അന്യപുരുഷന്മാരില്‍ നിന്ന് നേരിടേണ്ടി വന്നിട്ടുള്ള ലൈംഗികപീഡനങ്ങള്‍ തുറന്ന് പറയാന്‍ വേണ്ടി രൂപം കൊടുത്തിട്ടുള്ള മീടു കാമ്പയിനാണ് ഇപ്പോള്‍ ലോകത്തിന്റെ വിവിധ മേഖലകളില്‍ ചര്‍ച്ചയായിരിക്കുന്നത്. സിനിമാ മേഖലയില്‍ നിന്നുള്ള സ്ത്രീകളാണ് ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി എത്തിയിരിക്കുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് സംഭവിച്ചതും വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ചതുമായ സംഭങ്ങള്‍ മീടുവിന്റെ ഭാഗമായി പുറത്തു വരുന്നുമുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ സിനിമയ്ക്കകത്തും പുറത്തുമുള്ള ഓരോരുത്തരുടെയും അഭിപ്രായം വ്യത്യസ്തമാണെന്ന് മാത്രം.
മീടു കാമ്പയിനുമായി ബന്ധപ്പെട്ട് നടി മംമ്ത മോഹന്‍ദാസിന്റെ അഭിപ്രായമാണ് ഈ വിഷയത്തില്‍ ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. എല്ലാം കഴിഞ്ഞശേഷം തനിക്കിത് സംഭവിച്ചു എന്ന് പറഞ്ഞ് വരുന്നത് ഒട്ടും അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നാണ് മംമ്ത മോഹന്‍ദാസ് പറയുന്നത്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മംമ്ത ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മംമ്തയുടെ വാക്കുകളിങ്ങനെ..
‘അത്തരം തുറന്നു പറച്ചിലുകള്‍ അല്‍പം വൈകി പോയില്ലേ എന്നൊരു തോന്നലുണ്ട്. ആക്രമണം നേരിടുമ്പോള്‍ത്തന്നെ അതിനോടു പ്രതികരിക്കുകയും അതു ലോകത്തെ അറിയിക്കുകയും ആണ് വേണ്ടത്. അന്ന് എല്ലാം സഹിക്കുകയും പ്രതികരിക്കാതിരിക്കുകയും ക്ഷമിക്കുകയും ചെയ്തിട്ട് സുരക്ഷിതമായ ഒരു അവസ്ഥയില്‍ എത്തിക്കഴിഞ്ഞ് ‘ഇര’ വാദം ഉന്നയിക്കുന്നത് ഉചിതമല്ല.
സിനിമയില്‍ ഇതുവരെ എനിക്ക് അത്തരം ഒരനുഭവവും ഉണ്ടായിട്ടില്ല. മലയാളവും തമിഴും തെലുങ്കും അടക്കം തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. അര്‍ഹിക്കുന്ന ബഹുമാനം എല്ലാവരും തന്നിട്ടുമുണ്ട്. ആദ്യം കാന്‍സര്‍ തിരിച്ചറിഞ്ഞപ്പോള്‍ നാഗാര്‍ജുന സാര്‍ ആറു മാസം ഷൂട്ടിങ് നിര്‍ത്തിവച്ച് ഞാന്‍ തിരിച്ചു വരുന്നത് കാത്തിരുന്നു.
തെലുങ്കു പോലുള്ള വലിയ ഇന്‍ഡസ്ട്രിയില്‍ നിന്നു ലഭിച്ച ആ പിന്തുണ മറക്കാനാകില്ല. ഒരിക്കല്‍ ഒരു സുഹൃത്ത് പറഞ്ഞു, ‘മംമ്തയ്ക്ക് കരിയറിന്റെ തുടക്കത്തിലേ കാന്‍സര്‍ വന്നതു കൊണ്ട് അതിന്റെ സഹതാപം എല്ലായിടത്തു നിന്നും ലഭിച്ചിട്ടുണ്ടാകും’ എന്ന്. എത്ര ബാലിശമായ പ്രസ്താവനയാണത്. ഇതു കേള്‍ക്കുമ്പോള്‍ എനിക്കുണ്ടാകുന്ന മാനസികാവസ്ഥ അവര്‍ ചിന്തിച്ചിട്ടുണ്ടാകുമോ?