കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഭവാനിപുരിൽ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മമത ബാനർജിക്ക് വൻ വിജയം.
58,389 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മമത വിജയം കരസ്ഥമാക്കിയത്. മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് മമതയ്ക്ക് ലഭിച്ചത്.
ഭവാനിപൂരിൽനിന്നും ജനവിധി തേടിയ മമത ബാനർജിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കിൽ ജയം അനിവാര്യമായിരുന്നു.
24,396 വോട്ടുകളാണ് ബിജെപി സ്ഥാനാർഥി പ്രിയങ്ക ടിബ്രെവാളിന് ലഭിച്ചത്. അതേസമയം, സംസർഗഞ്ച്, ജാംഗിപുർ എന്നീ നിയോജക മണ്ഡലങ്ങളിലും തൃണമൂലാണ് മുന്നിട്ട് നിൽക്കുന്നത്.
ഏതാനും മാസങ്ങൾക്കു മുൻപ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ മുട്ടുകുത്തിച്ചെങ്കിലും, മമതാ പരാജയപ്പെട്ടിരുന്നു.
നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയോടാണ് മമത തോറ്റത്. ഉപതെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാൻ ബിജെപി ശ്രമം നടത്തിയെങ്കിലും തൃണമൂൽ കോൺഗ്രസിന്റെ സമ്മർദ്ദശ്രമങ്ങളാണ് വിജയിച്ചത്. ഇതോടെയാണ് നിര്‍ണായക ഉപതെരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങിയത്.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് ഭവാനിപുര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സൊവെന്‍ദേബ് ചതോപധ്യയയാണ് വിജയിച്ചത്. മമതയ്ക്ക് മത്സരിക്കാന്‍ വേണ്ടി സൊവെൻദേബ് രാജിവയ്ക്കുകയായിരുന്നു.