കോൽക്കത്ത: ഹത്രാസ് പെണ്‍കുട്ടിക്ക് നീതിക്കായി തെരുവിലിറങ്ങിയ തൃണമൂൽ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ബിജെപിക്കെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചു.
കോവിഡ് ഒരു മഹാമാരിയാണെന്നും, അതിലും വലിയ മഹാമാരി ബിജെപിയാണെന്നും മമത പറഞ്ഞു. ഹത്രാസ് സംഭവത്തിൽ പ്രതിഷേധിച്ച് കോൽക്കത്തയിൽ തൃണമൂൽ കോണ്‍ഗ്രസ് സംഘടിപ്പിച്ച മഹാറാലിക്ക് ശേഷമാണ് മമത ബിജെപിക്കെതിരേ ആഞ്ഞടിച്ചത്.
രാജ്യത്തിന്റെ ഭാവി പ്രകാശപൂരിതമാകണമെങ്കിൽ ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും ഒപ്പം സർക്കാരുകൾ നിൽക്കണം. ഹത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാൻ മാധ്യമങ്ങളെയും നേതാക്കളെയും യുപി പോലീസ് തടയുന്നത് എന്തിനാണ്.
തനിക്ക് ആ കുടുംബത്തെ കാണണമെങ്കിൽ നാളെ സാധിക്കും ഇന്ന് താൻ ഹിന്ദുവല്ല, ദളിതാണെന്നും മമത പറഞ്ഞു.
കോവിഡ് വ്യാപനം രൂക്ഷമായ ശേഷം ആദ്യമായാണ് മമത വലിയ റാലിയിൽ പങ്കെടുക്കുന്നത്.
വെള്ളിയാഴ്ച ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ എത്തിയ തൃണമൂൽ കോണ്‍ഗ്രസ് നേതാക്കളെയും യുപി പോലീസ് തടഞ്ഞിരുന്നു. പാർട്ടി എംപി പ്രതിമ മോണ്ഡലിനെ പോലീസ് കൈയേറ്റം ചെയ്ത സംഭവത്തിലും മമത പ്രതിഷേധിച്ചു.
തെരഞ്ഞെടുപ്പ് സമയം വരുമ്പോൾ ദളിതന്റെ വീട്ടിൽ പോയി ബിജെപി നേതാക്കൾ ഭക്ഷണം കഴിക്കും. എന്നിട്ട്, ഇക്കാര്യം പ്രചരണത്തിന് ഉപയോഗിക്കും. തെരഞ്ഞെടുപ്പിൽ വിജയിച്ചു കഴിഞ്ഞാൽ ദളിതരെ പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യും.
ബിജെപി രാജ്യത്തെയാകെ അപമാനിച്ചിരിക്കുകയാണെന്നും ഹത്രാസിലെ പെണ്‍കുട്ടിക്കുണ്ടായ ദുരനുഭവം രാജ്യത്തിന് നാണക്കേടാണെന്നും മമത പറഞ്ഞു.