നവാസ് മേത്തർ
തലശേരി: തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ മമ്പറം ദിവാകരനെ പാര്‍ട്ടി അച്ചടക്ക ലംഘനത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതോടെ കോൺഗ്രസിലെ പ്രമുഖരായ രണ്ടു നേതാക്കൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് മറ നീക്കി പുറത്തു വന്നിട്ടുള്ളത്.
ഒരു കാലത്ത് ഇണപിരിയാത്ത സുഹൃത്തുക്കളായിരുന്നു കെപിപിസി പ്രസിഡന്റ് കെ.സുധാകരനും മുൻ ജില്ലാ ബാങ്ക് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവും കാൽ നൂറ്റാണ്ടിലധികമായി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്റുമായ മമ്പറം ദിവാകരനും.
എന്നാൽ, ഇപ്പോൾ ഇരുവരും രണ്ട് ചേരികളിലായി നിലയുറപ്പിച്ച് പതിനെട്ടടവുകളും പയറ്റി പോരാടുകയാണ്.ഡിസംബർ അഞ്ചിന് നടക്കുന്ന ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിൽ അങ്കം കുറിച്ചിട്ടുള്ള ഇരുവരും അണിയറയിൽ നടത്തുന്നത് അപ്രതീക്ഷീത നീക്കങ്ങളാണ്.
മമ്പറത്തിന്റെയും കെ.സുധാകരന്റെയും ആത്മ സുഹൃത്തായിരുന്ന കൊച്ചിയിലെ വ്യവസായ പ്രമുഖനും കോൺഗ്രസ് നേതാവുമായിരുന്ന അഡ്വ. കെ.ടി ജോസഫിന്റെ മകൾ ഡോ. വീണ ജോസഫ് മമ്പറം ദിവാകരന്റെ പാനലിലൂടെ കോൺഗസിന്റെ ഔദ്യാഗിക പാനലിനെതിരെ മൽസര രംഗത്തുണ്ടന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിലുണ്ട്.
യുഡിഎഫ് ഒറ്റക്കെട്ടായി ആശുപത്രി പിടിച്ചെടുക്കാൻ രംഗത്തുണ്ട്. മമ്പറം വിഭാഗത്തിന് ഇടതു പിന്തുണയുണ്ടെന്ന് വ്യാപകമായ പ്രചാരണമാണ് നടക്കുന്നത്. എന്നാൽ, ഇക്കാര്യം ഇടതു പക്ഷത്തെ പ്രമുഖ നേതാക്കൾ നിഷേധിച്ചിട്ടുണ്ട്.
താൻ അന്നും ഇന്നും എന്നും കോൺഗ്രസുകാരനായിരിക്കുമെന്നും ഒരിക്കലും സിപിഎമ്മിലേക്ക് പോകില്ലെന്നും മമ്പറം ദിവാകരൻ വ്യക്തമാക്കിയിട്ടുമുണ്ട്. ഒരു കാലത്ത് സുധാകരൻ ഗ്രൂപ്പിലെ ശക്തയായ ഇ.ജി. ശാന്തയും മമ്പറം ദിവാകരന്റെ പാനലിലുണ്ട്.
കോൺഗ്രസ് പ്രസ്ഥാനത്തിനു വേണ്ടി ഏറെ ത്യാഗം സഹിക്കുകയും ഇന്ദിരാ ഗാന്ധിയുടെ നാമത്തിലുള്ള ആശുപത്രിയെ ഇന്നത്തെ നിലയിലേക്ക് വളർത്തുകയും കണ്ണൂരിലെ ഡിസിസി ഓഫീസ് നിർമാണത്തിന് അരക്കോടി രൂപ സ്വന്തം നിലയിൽ നൽകുകയും ചെയ്ത ദിവാകരനെ ഒറ്റയടിക്ക് പാർട്ടിയിൽ നിന്നും പുറത്താക്കിയത് ഒരു വിഭാഗം അണികൾക്കിടയിൽ കടുത്ത അതൃപ്തിയും ഉണ്ടാക്കിയിട്ടുണ്ട്.
ആശുപത്രിയുടെ വളർച്ചയെ തടഞ്ഞ തലശേരിയിലെ ഒരു നേതാവിനെതിരേയും ദിവാകരനെ അനുകൂലിക്കുന്ന അണികളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്. എന്നാൽ, പാർട്ടി എന്ത് വിട്ട് വീഴ്ചക്കും തയാറായി രുന്നുവെന്നും ദിവാകരന്റെ കടുംപിടുത്തമാണ് പ്രശ്നത്തിന് കാരണമെന്നുമാണ് സുധാകര അനുകൂലികൾ പറയുന്നത്.
കെപിസിസി പ്രസിഡന്റ് കെ.സുധാകരനും മമ്പറം ദിവാകരനും തമ്മിൽ ഏറെ നാളുകളായി നീണ്ടു നിൽക്കുന്ന ഏറ്റുമുട്ടൽ ദിവാകരനെ പാർട്ടിയിൽ നിന്നും പുറത്താക്കായതോടെ പുതിയ തലത്തിലേക്കാണ് നീങ്ങിയിരിക്കുന്നത്.
ദിവാകരന്റെ നേതൃത്വത്തിലുള്ള പാനലും കോൺഗ്രസിന്റെ ഔദ്യോഗിക പാനലും തമ്മിലുള്ള മൽസരം ഒഴിവാക്കാൻ കോൺഗ്രസിലെ തന്നെ തലമുതിർന്ന നേതാക്കളും സമൂഹത്തിലെ മറ്റ് ഉയർന്ന തലങ്ങളിലും ഉള്ളവരും നടത്തിയ മധ്യസ്ഥ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു.
കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്നാണ് ദിവാകരനെ പാർട്ടിയിൽ നിന്നും പുറത്താക്കിക്കൊണ്ട് പ്രസ്താവന പുറപ്പെടുവിച്ചത്.
ഹോസ്പിറ്റല്‍ സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഡിസിസി അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരായി പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ച് ബദല്‍ പാനലില്‍ മത്സരിക്കുന്ന നിലവിലെ പ്രസിഡന്റ് മമ്പറം ദിവാകരന് ഗുരുതരമായ അച്ചടക്ക ലംഘനമാണ് കാട്ടിയതെന്നും അതിനാലാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതെന്നും രാധാകൃഷ്ണന് വ്യക്തമാക്കിയിരുന്നു.
കേരളത്തിൽ തന്നെ അറിയപ്പെടുന്ന സഹകരണ സ്ഥാപനമായ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി ഭരണ സമിതിയിലേക്കുള്ള അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പ് ഇരുപക്ഷത്തിനും അഭിമാന പ്രശ്നമായി മാറിയിരിക്കുകയാണ്.