കൊടകര: മാന്പഴക്കാലത്തിന്റെ വരവറിയിച്ച് പതിവുതെറ്റിക്കാതെ മാവുകൾ പൂത്തു. തെല്ല് വൈകിയാണ് ഇക്കുറി മാവുകൾ പൂത്തത്. മഞ്ഞിൽ മുങ്ങുന്ന ധനുവും മകരവുമാണ് മാന്പൂക്കളെ ഉണർത്തുന്നത്. മകര മാസത്തിന്റെ തുടക്കത്തിലേ നിറഞ്ഞു പൂക്കാറുള്ള മാവുകൾ പക്ഷേ ഇത്തവണ പൂക്കാൻ അൽപ്പം മടിച്ചുനിന്നു. എങ്കിലും പ്രതീക്ഷയുടെ പൂങ്കുലകൾ നീട്ടി ഇപ്പോൾ മാവുകൾ വ്യാപകമായി പൂത്തുനിൽക്കുകയാണ്.
കാലാവസ്ഥ അനുകൂലമായാൽ ഈ വേനൽ മാന്പഴസമൃദ്ധിയുടേതാകുമെന്ന് നാട്ടുമാവുകളുടെ സംരക്ഷകനും പരിസ്ഥിതി പ്രവർത്തകനുമായ എം.മോഹൻദാസ് പറയുന്നു. ചിലയിടങ്ങിൽ പൂങ്കുലകളിൽ ഉണ്ണികൾ വിരിഞ്ഞു തുടങ്ങി. ഇത്തവണത്തെ കടുത്ത മഞ്ഞും ചൂടും മാവുകളിൽ കായ്ഫലം വർധിപ്പിക്കുമെന്നാണ് പ്രായമായവർ പറയുന്നത്.
അതേ സമയം മഴക്കാർ നിറഞ്ഞ അന്തരീക്ഷവും കാലം തെറ്റി എത്തുന്ന മഴയും മാവുകളിലെ പൂങ്കുലകൾ കരിയാനും കണ്ണിമാങ്ങൽ കൊഴിയാനും കാരണമാകുമെന്ന ആശങ്കയും ഉണ്ട്്. മക്കളെ കണ്ടും മാന്പൂ കണ്ടും കൊതിക്കരുതെന്ന പഴമൊഴിയും പ്രായം ചെന്നവർ ഓർമ്മിപ്പിക്കുന്നു.
മാഞ്ചുവട്ടിൽ കളിയൂഞ്ഞാലുകെട്ടാനും കാറ്റിൽ വീഴുന്ന കണ്ണിമാങ്ങകൾ പെറുക്കാനും മത്സരി ച്ചോടിയെത്തുന്ന ബാല്യങ്ങൾ ഇപ്പോഴില്ലെങ്കിലും മുതിർന്നവർക്ക് നൊന്പരമൂറുന്ന മധുര സ്മരണകൾ സമ്മാനിച്ചുകൊണ്ടാണ് ഓരോ മാവും പൂങ്കുലകൾ നീട്ടുന്നത്.
മാവുകൾ നൽകുന്ന മാന്പഴം ഭക്ഷിച്ചുകഴിഞ്ഞാൽ അതിന്റെ വിത്തുകൾ നശിപ്പിച്ചുകളയാതെ അവ നട്ടുമുളപ്പിച്ച് വരും തണലും ഭക്ഷണവുമൊരുക്കാൻ നമുക്ക് കടമയുണ്ടെന്ന് എം.മോഹൻദാസ് മാസ്റ്റർ ഓർമ്മിപ്പിക്കുന്നു മാവുകൾ പൂത്തതോടെ മാങ്ങകച്ചവടക്കാരും സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്.
മാങ്ങയുണ്ടാകും മുന്പേ മാവിലെ പൂങ്കുലകൾ നോക്കി കച്ചവടം നടത്തുന്ന രീതിയാണ് ഇവരുടേതാണ്. ചൂടേറ്റ് മാന്പൂക്കൾ കരിയാതിരിക്കാൻ വെള്ളം തളിച്ചു കൊടുക്കുന്നവരുമുണ്ട്.