മങ്കൊന്പ്: ആലപ്പുഴ-ചങ്ങനാശേരി റോഡിൽ താഴ്ന്ന പ്രദേശങ്ങൾ ഉയർത്തുന്ന നടപടികൾ പുരോഗമിക്കുന്പോളും എളുപ്പത്തിൽ വെള്ളം കയറുന്ന പ്രദേശങ്ങളിലൊന്നായ മാന്പുഴക്കരി ജംഗ്ഷനെ അവഗണിച്ചതായി പരാതി. പത്തുകോടിയോളം മുടക്കി റോഡിന്റെ താഴ്ന്ന പ്രദേശങ്ങൾ ഉയർത്തി റോഡിന്റെ മുഴുവൻ പ്രദേശങ്ങളും ടാറിംഗ് നടത്തുന്നതുമായ ജോലികൾ നടന്നുവരികയാണ്. 24 കിലോമീറ്റർ വരുന്ന റോഡിന്റെ ഏഴു പ്രദേശങ്ങൾ മാത്രമാണ് മണ്ണിട്ടുയർത്തുന്നത്.
എന്നാൽ മാന്പുഴക്കരി ബ്ലോക്കു ജംഗ്ഷനു കിഴക്കു ഭാഗത്തെ ഇതിൽ നിന്നും ഒഴിവാക്കിയിരുന്നു. ഈ പ്രദേശത്തെ റോഡിന്റെ പകുതിഭാഗം കഴിഞ്ഞദിവസം ടാറിംഗ് ജോലികൾ നടന്നിരുന്നു. നിലവിലെ റോഡിനു മുകളിൽ നിശ്ചിതകനത്തിൽ പുതിയ ടാറിംഗ് നടത്തുക മാത്രമാണ് ചെയ്തത്.
നിലവിലുള്ള ഉയർച്ച താഴ്ചകൾ നിരപ്പാക്കാതെ ടാറിംഗ് നടത്തിയതുമൂലം ഇപ്പോഴും പഴയസ്ഥിതി തന്നെ തുടരുകയാണ്. നിലവിൽ മണ്ണിട്ടുയർത്തിയ പ്രദേശങ്ങളിലെല്ലാം പാടശേഖരങ്ങൾക്കു നടുവിലൂടെയാണ് റോഡ് കടന്നുപോകുന്നത്. പാടശേഖരത്തിൽ കൃഷിയുള്ളപ്പോഴെല്ലാം റോഡ് വെള്ളംകയറാതെ സുരക്ഷിതമായിരിക്കും.
എന്നാൽ ചെറിയതോതിൽ ജലനിരപ്പുയർന്നാൽ പോലും എസി കനാലിനു സമാന്തരമായി പോകുന്ന ഈ പ്രദേശത്തെ റോഡിൽ വേഗത്തിൽ വെള്ളംകയറും. റോഡിൽ ഉയർച്ച താഴ്ചകൾ ഉള്ളതിനാൽ മഴപെയ്യുന്പോൾ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ട്. ഇതോടെ ടാറിംഗ് പൊളിഞ്ഞ് കുഴികൾ രൂപപ്പെടുകയും ചെയ്യും.
നിലവിലെ സാഹചര്യത്തിൽ ഇപ്പോൾ നടത്തിയ ടാറിംഗിന് മാസങ്ങളുടെ ആയുസ് പോലുമുണ്ടാകില്ലെന്നു നാട്ടുകാർ പറയുന്നു.ഒരുവർഷം മുന്പ് ഈ പ്രദേശത്തെ വെള്ളക്കെട്ടുമൂലം പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന വിദ്യാർഥിനിയുടെ ജീവൻ നഷ്ടമായിരുന്നു.
റോഡിന്റെ വടക്കുവശത്തെ ഓടയുടെ പ്രവർത്തനവും തകരാറിലാണെന്ന് നാട്ടുകാരും സമീപത്തെ കച്ചവടക്കാരും പറയുന്നു.റോഡിൽ വെള്ളക്കെട്ട് പതിവാകുന്നത് സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും ക്ഷീണമുണ്ടാക്കുന്നു.
മാന്പുഴക്കരി ബ്ലോക്കു ജംഗ്ഷൻ പ്രദേശവും മണ്ണിട്ടുയർത്തി ഗതാഗതം സുഗമമാക്കണം എന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്ക് പരാതി നൽകാനാണ് നാട്ടുകാരുടെ തീരുമാനം.