മൈസൂരു: മൈസൂരുവിലെ ചാമുണ്ഡിക്കുന്നിൽ ആക്രമിക്കപ്പെട്ടതു നിരവധി യുവതികളെന്നു സൂചന.
മൈസൂരു പീഡനക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ഇതേ സംഘം തന്നെ പല യുവതികളെയും സമാനമായ രീതിയിൽ മാനഭംഗപ്പെടുത്തിയിട്ടുണ്ടെന്ന വിവരമാണ് പ്രതികളിൽനിന്നു ലഭിച്ചിരിക്കുന്നത്.
അഞ്ചു പ്രതികളാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. ഒരാളെകൂടി പിടികിട്ടാനുണ്ട്.
മദ്യവുമായി എത്തും
പതിവായി മദ്യവും വാങ്ങി ചാമുണ്ഡി ഹിൽസ് മേഖലയിലേക്ക് സംഘം എത്തുമായിരുന്നു. പ്രണയജോടികളെ ലക്ഷ്യമിട്ടാണ് ഇവർ വരുന്നത്.
ഒറ്റപ്പെട്ട സ്ഥലങ്ങളിലോ ചരിവുകളിലോ എത്തുന്ന പ്രണയജോടികളെയാണ് ഇവർ നോട്ടമിട്ടിരുന്നത്. ഒരു പെൺകുട്ടിയെ ലക്ഷ്യമിട്ടു കഴിഞ്ഞാൽ പണവും മറ്റും ആവശ്യപ്പെട്ടു സംഘം ഇവരെ സമീപിക്കും.
പതുക്കെ ഇവരെ വളഞ്ഞുവച്ചു ശല്യം ചെയ്യാൻ തുടങ്ങും. പെൺകുട്ടിയുടെ കൂടിയെത്തുന്ന യുവാവ് ഇതിനെ എതിർക്കുകയോ തടയുകയോ ചെയ്യും.
ഇതോടെ അക്രമാസക്തരായി മാറുന്ന സംഘം യുവാവിനെ മർദിച്ച് അവശനാക്കും.
തുടർന്നു പെൺകുട്ടിയെ കടന്നുപിടിക്കും. കൂടെയെത്തുന്ന യുവാക്കളുടെ കൺമുന്നിൽ തന്നെയാണ് പെൺകുട്ടികൾ ഇങ്ങനെ അതിക്രമത്തിന് ഇരയായി മാറുന്നത്.
ക്രിമിനൽ സംഘത്തെ ഭയന്ന് ആരും ഈ പ്രദേശത്തേക്കുപോലും വരില്ല. പെൺകുട്ടിയെ ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം അവരുടെ കൈയിലുള്ള പണവും ആഭരണവുമൊക്കെ കൈവശപ്പെടുത്തിയിട്ടാണ് സംഘം പലപ്പോഴും കടന്നുകളയുക. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന ഭീഷണി വേറെയും.
നാണക്കേടും ഭീതിയും
പല പെൺകുട്ടികളെയും ഇതുപോലെ മാനഭംഗപ്പെടുത്തിയിട്ടുണ്ടെങ്കിലും നാണക്കേടും ഭീതിയുംമൂലം ആരും ഇക്കാര്യം പുറത്തുപറയാത്തതാണ് പ്രതികൾക്കു ഇതുവരെ രക്ഷയായിരുന്നത്.
വീട്ടുകാരും മറ്റും അറിയാതെയാവും പല പ്രണയജോടികളും ഇവിടെ കറങ്ങാൻ എത്തുന്നത്. അതുമൂലമാണ് മോശം അനുഭവങ്ങൾ നേരിട്ടാലും കമിതാക്കൾ പുറത്തുപറയാത്തത്.
മൈസൂരു സംഭവത്തിലും എന്താണ് സംഭവിച്ചതെന്ന് ആദ്യം കമിതാക്കൾ ആദ്യം വെളിപ്പെടുത്തിയിരുന്നില്ല.
എന്നാൽ, പെൺകുട്ടിയുടെ ശാരീരിക സ്ഥിതിയിൽ സംശയം തോന്നിയ ഡോക്ടർമാർ പോലീസിൽ അറിയിച്ചതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞതും സംഭവം മാധ്യമങ്ങളിലെത്തിയതും പ്രതികളെ പോലീസ് പിടിച്ചതും.
അഞ്ചു സംഭവങ്ങൾ
തമിഴ്നാട് സ്വദേശികളായ പ്രതികളെ അജ്ഞാത കേന്ദ്രത്തിൽ എസിപി ശശിധറിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്.
പീഡനത്തിന് ഇരയായ പെൺകുട്ടി പ്രതികളെ തിരിച്ചറിഞ്ഞെന്നു വിവരമുണ്ട്. പെൺകുട്ടിയെ കഴിഞ്ഞ ദിവസം ഹെലികോപ്ടറിൽ മുംബൈയിലെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
തമിഴ്നാട് തിരിപ്പൂർ സ്വദേശികളായ ഭൂപതി (28), മുരുകേശൻ(22), അരവിന്ദ് (21), ജോസഫ് (28), പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതി എന്നിവരാണ് പിടിയിലായിട്ടുള്ളത്.
ഖണ്ഡിപ്പാളയ എപിഎംസി യാർഡിലെ തൊഴിലാളികളാണ് ഇവർ. അഞ്ച് പ്രണയജോടികളെ ഇവർ ആക്രമിച്ചതായും കവർച്ച നടത്തിയതായും ഇതിനകം സമ്മതിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
അതേസമയം, ഇതിനേക്കാൾ കൂടുതൽ പേർ ആക്രമണത്തിന് ഇരയായിട്ടുണ്ടോയെന്ന സംശയത്തിൽ പോലീസ് പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
നഗരത്തിലെ സ്വകാര്യ കോളജിൽ എംബിഎയ്ക്കു പഠിക്കുന്ന ഇരുപത്തിരണ്ടുകാരിയാണ് ചൊവ്വാഴ്ച വൈകുന്നേരം 7.30 ഓടെ ചാമുണ്ഡി ഹില്ലിനടുത്ത് ലളിതാദ്രിപുരയിൽ കൂട്ടമാനഭംഗത്തിനിരയായത്.
സംഭവം നടന്ന ചൊവ്വാഴ്ച രാത്രി 7.30 മുതൽ ചാമുണ്ഡിഹിൽ പ്രദേശത്തെ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽനിന്ന് 20 മൊബൈൽ നമ്പറുകൾ പോലീസ് ശേഖരിച്ചിരുന്നു.
ഈ നമ്പറുകളിൽ നാലു മലയാളി വിദ്യാർഥികളുടെ ഫോൺ നന്പർ ഉൾപ്പെട്ടിരുന്നു. ഇതോടെ ഇവരും അന്വേഷണ നിഴലിലായി.
എന്നാൽ, പിന്നീട് ഇവർക്കു സംഭവവുമായി ബന്ധമില്ലെന്നു വ്യക്തമായി. സംഭവം വലിയ വാർത്തയായതോടെ വൻ പോലീസ് സംഘമാണ് പ്രതികളെ പിടികൂടാൻ രംഗത്തിറങ്ങിയത്.