സൂര്യയെ നായകനാക്കി സംവിധായകന് ബാല പ്രഖ്യാപിച്ച സിനിമ വണങ്കാനിൽ നിന്നും പിന്മാറിയതായി മലയാളി താരം മമിത ബൈജു. ചിത്രത്തിൽ നിന്നും സൂര്യയും പിൻമാറിയിരുന്നു.
തിരക്കഥയിൽ ബാല വരുത്തിയ ചില മാറ്റങ്ങളാണ് സൂര്യ പിന്മാറാൻ കാരണം. പകരം മറ്റൊരു നടനെ വച്ച് പ്രോജക്ട് പൂർത്തിയാക്കാനാണ് ബാലയുടെ പദ്ധതി. മമിത ബൈജുവിനും ചിത്രത്തിൽ പ്രധാന വേഷമായിരുന്നു.
ആ സിനിമയില്‍ നിന്ന് ഞാന്‍ പിന്‍വാങ്ങി. സൂര്യ സാറും പ്രൊഡക്ഷനും ആ സിനിമ ഡ്രോപ് ചെയ്തിരുന്നു.
ഞാനും സൂര്യ സാറും തമ്മിലുള്ള കോംബിനേഷന്‍ സീനുകളുണ്ട്. നാല്പത് ദിവസത്തോളം ഷൂട്ട് ചെയ്തിരുന്നു.
ഇനി ആ സിനിമയ്ക്ക് ഒരു ഫ്രഷ് സ്റ്റാര്‍ട്ടാണ് അവര്‍ ഉദ്ദേശിക്കുന്നത്. വീണ്ടും എഗ്രിമെന്റ് മാറേണ്ടി വരും. എനിക്ക് വീണ്ടും അത്രയും തന്നെ ദിവസങ്ങള്‍ പോവും.
എനിക്കത്രയും ദിവസങ്ങള്‍ കളയാനില്ല. കോളജുണ്ട്. വേറെ പടങ്ങള്‍ കമ്മിറ്റ് ചെയ്തിട്ടുമുണ്ട്. അതുകൊണ്ടാണ് ചിത്രത്തിൽ നിന്നും മാറേണ്ടി വന്നത്. മമിത പറഞ്ഞു.
അർജുൻ അശോകനും അനശ്വര രാജനും മമിതയും ഒന്നിക്കുന്ന പ്രണയവിലാസം എന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്ന മമിതയുടെ ചിത്രം. ചിത്രം ഫെബ്രുവരി 24ന് തിയറ്ററുകളിലെത്തും.