ടി.ജി.ബൈജുനാഥ്
ഒരഭിനേത്രി തന്റെ കഥാപാത്രത്തിലൂടെ തന്നിലെ നടിയെ അനായാസേന അടയാളപ്പെടുത്തുന്നത് എത്രമേല്‍ സുന്ദരമായ കാഴ്ചയാണ്.
രാഹുല്‍ റിജി നായര്‍ ചിത്രം ‘ഖോ ഖോ’ കണ്ടുതീരുമ്പോള്‍ അത്തരമൊരു കാഴ്ചയിലൂടെ കടന്നുവന്ന അനുഭവമാണു സ്വന്തമാകുന്നത്.
അതിനു നിമിത്തമാകുന്നതു മമിത ബൈജു എന്ന യുവനടിയും മമിത കയ്യടക്കത്തോടെ സ്ക്രീനില്‍ പടര്‍ത്തിയ അഞ്ജുവെന്ന പത്താംക്ലാസുകാരിയും.
ഒമ്പതില്‍ പഠിക്കുമ്പോള്‍ ‘സര്‍വോപരി പാലാക്കാരനി’ലൂടെ നൃത്ത വേദിയിൽ നിന്നു മലയാള സിനിമയിലെത്തിയ മമിത അഞ്ചു വര്‍ഷത്തിനിപ്പുറം ഒാപ്പറേഷൻ ജാവ യിലെയും ഖോഖോയിലെയും മിന്നും പ്രകടനത്തിലൂടെ പ്രേക്ഷക മനസുകളില്‍ ഹിറ്റാവുകയാണ്.
ജാവയിലെ അല്‍ഫോണ്‍സ
ഹണീബി 2 ൽ ആസിഫലിയുടെ അനിയത്തി; കഥാ പാത്രം സിസിലി. രാഹുൽ റിജി നായർ സംവിധാ നം ചെയ്ത ‘ഡാകിനി’യിലെ ആരതി. ദിനേശ്ബാബുവിന്റെ കൃഷ്ണത്തിൽ നായകന്റെ ബെസ്റ്റ് ഫ്രണ്ട്; കഥാപാത്രം ചിത്ര.
അമല്‍നീരദ് സിനിമ വരത്തനിലെ സാന്ദ്ര. സ്കൂള്ഡയറിയിലെ ഇന്ദു. ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറിയിലെ ദേവിക.
സൗബിന്റെ അനിയത്തിയായി വികൃതിയിലെ സുഹറ. കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സിലെ കൊച്ചുമോള്. നാലഞ്ചുകൊല്ലത്തിനുള്ളില് എട്ടൊമ്പതു പടങ്ങളില്‍ ചെറിയ വേഷങ്ങളില്‍ മിന്നിമറഞ്ഞ മമിത ‘ഓപ്പറേഷന് ജാവ’യിലാണ് ആദ്യമായി മെയിന്‍ റോള്‍ ചെയ്തത്.
അതില്‍ ബാലുവര്‍ഗീസിന്റെ കഥാപാത്രം ആന്റണിയുടെ ഇഷ്ടമായ അല്‍ഫോണ്‍സയെ ആരും അത്ര പെട്ടെന്ന് മറക്കില്ല.
തേപ്പുകാരിയോ?
നായകന്റെ കരണത്തടിക്കുകയും തേച്ചിട്ടുപോവുകയും ചെയ്ത അല്‍ഫോണ്‍സ. പ്രേക്ഷകര്‍ ഏറ്റെടുത്ത ആ വേഷത്തെക്കുറിച്ച് മമിത പറയുന്നു – ‘ രണ്ടുതരം വിലയിരുത്തലുണ്ടായേക്കാമെന്ന് തരുണ്ചേട്ടന് പറഞ്ഞിരുന്നു.
ചിലര്‍ തേപ്പുകാരിയെന്നു പറഞ്ഞേക്കാം. സാഹചര്യം കൊണ്ടാണ് അവള് പോയതെന്നു മനസിലാക്കുന്നവരും ഉണ്ടാവാം. രണ്ടുതരത്തിലും അൽഫോൺസ ചര്‍ച്ചയായി.
അതു തന്നെയാണ് ആ കഥാപാത്രത്തിന്റെ വിജയം. ഈ സിനിമയില്‍ത്തന്നെ ശരിക്കുള്ള തേപ്പ് എന്തെന്നു കാണിക്കുന്നുണ്ട്; മാത്യുതോമസിന്റെ കഥാപാത്രം ജെറിയുടെ അനുഭവത്തിലൂടെ. അല്‍ഫോണ്‍സയുടെ കാര്യത്തില്‍ സാഹചര്യം കൊണ്ടു സംഭവിച്ചതാണെന്ന് ആന്റണി തന്നെ പിന്നീടു പറയുന്നുമുണ്ട്.’
ശരിക്കും അടിച്ചോ ?
ആന്റണിയുടെ വർത്തമാനം ഇഷ്ടപ്പെടാതെ അല്‍ഫോണ്‍സ അയാളുടെ കവിളത്തടിക്കുന്ന ഒരു സീനുണ്ട് ഓപ്പറേഷന് ജാവയില്‍. ദേഷ്യവും സങ്കടവുമൊക്കെ ഇടകലര്‍ന്ന നിസഹായവസ്ഥയിലായിരുന്നു ഇരുവരും.
അഭിനയമായിരുന്നുവെങ്കിലും ബാലുവിനു ചെറുതായി അടികൊണ്ടുവെന്നു മമിത തുറന്നുപറയുന്നു. ‘ ഒറ്റ ടേക്കില്‍ തന്നെ സീന്‍ ഓകെയായി. ആ സീന്‍ എന്തിനെന്നു തരുണ്ചേട്ടന് കൃത്യമായി പറഞ്ഞുതന്നിരുന്നു.
അടിക്കുന്ന സീന്‍ ആയതുകൊണ്ടുതന്നെ ഇമോഷണല്‍ കണ്ടിന്യൂയിറ്റിക്കായി ചില തയാറെടുപ്പുകള്‍ ചെയ്തിരുന്നു. ടേക്ക് ആകാറായപ്പോഴേക്കും ഞങ്ങള്‍ ആ സീനിനു വേണ്ട ഇമോഷണല്‍ ലെവലിലെത്തി. അടി കൊണ്ടാലും കുഴപ്പമില്ല. പെട്ടെന്നു നിര്‍ത്തുകയൊന്നും വേണ്ടെന്നു ബാലുച്ചേട്ടന് പറഞ്ഞിരുന്നു.’
ഇരട്ടി സന്തോഷം
മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്കാ രം നേടിയ ‘കള്ളനോട്ട’ത്തിനുശേഷം രാഹുൽ സംവിധാനം ചെയ്ത സിനിമയാണു ഖോഖോ.
‘ സ്ക്രിപ്റ്റ് കിട്ടിയപ്പോൾത്തന്നെ രജിഷ ചേച്ചിയാണു മരിയയാകുന്നതെന്ന് അറിഞ്ഞിരുന്നു. ആ ആവേശത്തിലാണ് വായിച്ചുതുടങ്ങിയത്.
അവസാന ഭാഗമൊക്കെ ആയപ്പോഴേക്കും ഞാന്‍ കരഞ്ഞുപോയി. അങ്ങനെ രാഹുലേട്ടനെ വിളിച്ചപ്പോഴാണ് ഞാനാണ് അഞ്ജുവാകുന്നതെന്ന് അറിഞ്ഞത്.
ഇരട്ടി സന്തോഷമായി. കാരണം, ചേച്ചിയുമായി കുറേ സ്ക്രീന്‍സ്പേസ് കിട്ടുമല്ലോ.’ അല്‍ഫോണ്‍സയും അഞ്ജുവും തമ്മില്‍ എത്രത്തോളം വ്യത്യാസമുണ്ടോ അത്രതന്നെ വ്യത്യാസം ഈ രണ്ടു കഥാപാത്രങ്ങളുമായും തനിക്കുണ്ടെന്നു മമിത പറയുന്നു.
തയാറെടുപ്പുകൾ
അമ്മ നഷ്ടപ്പെട്ട പെൺകുട്ടിയാണ് ഖോഖോയിലെ അഞ്ജു. പരിചയമുള്ള ചില കുട്ടികളുടെ സ്വഭാവമാണ് അഞ്ജുവിലേക്കു പകർത്താൻ ശ്രമിച്ചതെന്നു മമിത പറയുന്നു.
സ്കൂളിലെ ബാസ്കറ്റ് ബോള്‍ ടീമിലുണ്ടായിരുന്നു, അത്ലറ്റിക്സിനു പോകുമായിരുന്നു. പക്ഷേ, ഖോഖോയെപ്പറ്റി മമിതയ്ക്കു മുന്ധാരണയില്ലായിരുന്നു.
‘ ഷൂട്ടിംഗിനു മുന്നേ കോട്ടയത്തെ ഒരു സ്കൂളില്‍ സജു സാറിന്റെ ശിക്ഷണത്തിൽ ഒരു മാസത്തോളം ഖോഖോ പരിശീലിച്ചു. ദേശീയ, സം സ്ഥാന കളിക്കാർക്കൊപ്പമായിരുന്നു പരിശീലനം.’
ഓഫ് സ്ക്രീനിലും കോച്ചിനെപ്പോലെ
ഖോഖോയിൽ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതു സംവിധായകന്, രജിഷ, ശിവനായി വേഷമിട്ട രഞ്ജിത് ശേഖര്‍ ഉള്‍പ്പെടെ ഫുള്‍ ക്രൂവിന്റെ സപ്പോര്ട്ടിലെന്നു മമിത.
‘ സംസ്ഥാന ദേശീയ തലങ്ങളിലെ ഖോഖോ കളിക്കാരില്‍നിന്ന് ഓഡിഷനിലൂടെ സെലക്ടായ 14 കുട്ടികളും പിന്നെ ഞാനും. ഓഫ് സ്ക്രീനിലും ഞങ്ങള്‍ക്ക് ഒരു കോച്ചിനെപ്പോലെയായിരുന്നു രജിഷ ചേച്ചി.
അഭിനയവുമായും അല്ലാതെയുമുള്ള സംശയങ്ങള്‍ക്ക് മറുപടിയുമായി ചേച്ചി കൂടെനിന്നു. സ്ട്രസൊന്നുമില്ലാതെ തുറന്നു സംസാരിക്കാനായി.’
മഴയുള്ള ആ സീനില്‍
മരിയടീച്ചറിന്റെ വീടിനു മുന്നില്‍ അഞ്ജു മഴയത്തു കരഞ്ഞു നില്ക്കുന്ന സീനാണ് ആദ്യമെടുത്തതെന്ന് മമിത ഓർക്കുന്നു. ‘ കണ്ടിന്യൂയിറ്റിയൊന്നുമില്ലാതെ ആ സീന്‍ ചെയ്യുമ്പോള്‍ കണ്‍ഫ്യൂഷനുണ്ടായിരുന്നു.
അതിന്റെ തൊട്ടു മുന്നേ നടന്നതും അതിന്റെ മൂഡുമൊക്കെ രാഹുലേട്ടനില് നിന്നു മനസിലാക്കി ചെയ്തപ്പോള്‍ സീന്‍ ഓകെയായി. സീന്‍ കഴിഞ്ഞ് ഏറെ ടച്ചായി എന്നുപറഞ്ഞ് രജിഷച്ചേച്ചി എന്നെ കെട്ടിപ്പിടിച്ചു. അതൊക്കെ തുടക്കക്കാരിയായ എനിക്കു മോട്ടിവേഷനാണ്.’
കോളറില്‍ കുത്തിപ്പിടിച്ച്..!
മരിയ അഞ്ജുവിന്റെ കോളറില്‍ കുത്തിപ്പിടിച്ചു ഭി ത്തിയോടു ചേർത്തുനിർത്തി സംസാരിക്കുന്ന ഒരു സീനുണ്ട് ഖോഖോയില്‍. ‘ ആ സീൻ ചെയ്യാൻ ഞങ്ങളുടെ അടുപ്പം കുറച്ചു പ്രയാസമുണ്ടാക്കി.
ഒന്നുരണ്ട് ടേക്ക് എടുത്തപ്പോഴാണ് ഞങ്ങള്‍ക്ക് അതിനുള്ള പവര്‍ കിട്ടിയത്. രണ്ടു കഥാപാത്രങ്ങള്‍ക്കും അത്തരമൊരു റേസിംഗ് ബിഹേവിയര്‍ ഉണ്ടെന്നു കാണിക്കുന്ന സീന്‍.
അഞ്ജു പറയാന്‍ പാടില്ലാത്തതു പറയുന്നതും മരിയ അഞ്ജുവിന്റെ കോളറില്‍ പിടിക്കുന്നതുമെല്ലാം അതുകൊണ്ടാണ്. അതേക്കുറിച്ചു പിന്നീടു ഞങ്ങള്‍ പറഞ്ഞു ചിരിച്ചിട്ടുണ്ട്.’ – മമിത പറഞ്ഞു.
രണ്ട്, ഫോര്‍, സൂപ്പര്‍ ശരണ്യ വിഷ്ണു ഉണ്ണികൃഷ്ണന് നായകനായ രണ്ടും പ്ലസ്ടു വിദ്യാര്‍ഥികളുടെ കഥ പറയുന്ന ഫോറും തണ്ണീര്മത്തന്ദിനങ്ങള്ക്കു ശേഷം ഗിരീഷ് എഡി സംവിധാനം ചെയ്ത സൂപ്പര്‍ ശരണ്യയുമാണ് മമിതയുടെ അടുത്ത റിലീസുകള്‍.
രണ്ടില്‍ വിഷ്ണുവിന്റെ അനിയത്തി. സുനില്‍ ഹനീഫ് സംവിധാനം ചെയ്ത ഫോറില്‍ സിദ്ധിഖിന്റെ മകള്‍. സൂപ്പര്‍ ശരണ്യയില്‍
മമിത സോനയാകുന്നു. ‘ അര്ജുന് അശോകനുംഅനശ്വര രാജനും പ്രധാനവേഷങ്ങളിലെത്തുന്ന ഈ റൊമാന്റിക് കോമഡിയില്‍ എനിക്കു വെറൈറ്റി വേഷമാണ് ’ – അച്ഛന് ഡോക്ടര്‍ കെ.ബൈജുവിനുംഅമ്മ മിനിക്കും സഹോദരന് മിഥുനുമൊപ്പംകിടങ്ങൂരിലെ വീട്ടിലിരുന്ന് മമിത പറയുന്നു.