ക്ഷേത്രകലകൾ അഭ്യസിക്കുകയും ക്ഷേത്രങ്ങളിലും മറ്റിതര വേദികളിലും ക്ഷേത്രകലകൾ അവതരിപ്പിക്കുകയും ചെയ്യുന്നതിന്റെ പേരിൽ മതയാഥാസ്ഥിതികരുടെ വിലക്കുകൾക്ക് മുൻപിൽ പതറാതെയും ഒരു ചുവടു പോലും പിന്നോട്ട് വയ്ക്കാതെയും തന്റെ കലാപഠനവും കലാജീവിതവും തുടരുന്ന ധീരവനിത മൻസിയ സിനിമയിൽ നായികയാവുന്നു.
കാർത്തിക് മീഡിയയുടെ ബാനറിൽ അരുണ്‍ എൻ. ശിവൻ സംവിധാനം ചെയ്യുന്ന എന്ന് മമ്മാലി എന്ന ഇന്ത്യക്കാരനിലാണ് മൻസിയ നായികയാവുന്നത്.മൻസിയയ്ക്കും കുടുംബത്തിനും സമൂഹം നൽകിയ പീഡനങ്ങളെ അധികരിച്ച് റാബിയ എന്ന പേരിൽ നാടകം എഴുതി അവതരിപ്പിക്കുകയും മതയാഥാസ്ഥിതികരുടെ പ്രതിഷേധങ്ങൾക്ക് വിധേയനാവുകയും ചെയ്ത റഫീക്ക് മംഗലശേരിയുടെ തിരക്കഥയാണ് എന്ന് മമ്മാലി എന്ന ഇന്ത്യക്കാരൻ.
ആത്മാർപ്പണത്തോടെയാണ് മൻസിയ ഈ സിനിമയിൽ നായികയാകുന്നത്. മമ്മാലി എന്ന സാധാരണ മുസ്ലിംകുടുംബനാഥന്റെ യാതനകൾ നിറഞ്ഞ ജീവിതം അവതരിപ്പിക്കുന്നത് കാർത്തിക് കെ. നഗരമാണ്.ഗൾഫിൽ തൊഴിൽ തേടി പോവുകയും അവിടെ വച്ച് എങ്ങനെയോ ഐഎസിൽ ചേരുകയും അവരുടെ ചാവേറായി കൊല്ലപ്പെടുകയും ചെയ്ത യുവാവിന്റെ ഭാര്യയായിട്ടാണ് മൻസിയ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.
ഈ ചിത്രത്തിലെ നായകൻ മമ്മാലിയാണ്. മലപ്പുറം ജില്ലയിലെ ഒലിപ്രംകടവ്, പരപ്പനങ്ങാടി പ്രദേശങ്ങളിലായി ചിത്രീകരണം തുടരുന്നു. പ്രശസ്ത നാടകകൃത്ത് റഫീഖ് മംഗലശേരിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. കാമറ: അഷ്റഫ് പാലാഴി മൻസിയ വിജയൻ വി. നായർ, മണികണ്ഠൻ പട്ടാന്പി, സന്തോഷ് കീഴാറ്റൂർ, വിജയൻ കാരന്തൂർ, ശശി എരഞ്ഞിക്കൽ, രാജേഷ് ശർമ്മ, ഖാലിദ്, ബിനോയ് നന്പാല, മുസ്തഫ, സുന്ദരൻ രാമനാട്ടുകര, ബാലൻ പാറക്കൽ, നിധിയ, ബിജേഷ് ചേളാരി, റിയാസ് നാലകത്ത് എന്നിവരാണ് അഭിനേതാക്കൾ. -ദേവസിക്കുട്ടി