മരിച്ച മനുഷ്യന്റെ സ്വരം ആദ്യമായി കേട്ടു. ഒരു സംഘം ബ്രിട്ടീഷ് ഗവേഷകരാണ് മൂവായിരം വർഷം മുന്‍പത്തെ മമ്മിയുടെ സ്വരം പുനർസൃഷ്ടിച്ചത്. ഇതിനു സഹായിച്ചത് ത്രിഡി പ്രിന്റിംഗ് സാങ്കേതികവിദ്യയും.
ബിസി 1099നും 1069നും ഇടയിൽ ഈജിപ്തിൽ ജീവിച്ചിരുന്ന നെസ്യാമുൻ എന്ന പുരോഹിതന്റെ മമ്മിയാണ് ഗവേഷകർ ഉപയോഗിച്ചത്. ഇദ്ദേഹത്തിന്റെ സ്വനതന്തുക്കൾ സ്കാൻ ചെയ്ത്, ത്രിഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചു പുനർസൃഷ്ടിച്ചു. തുടർന്ന് ശബ്ദതരംഗങ്ങളെ ഇതിലൂടെ കടത്തിവിട്ടു. സ്വരം പുനർസൃഷ്ടിക്കാൻ കന്പ്യൂട്ടർ മോഡലുകളുടെ സഹായവും ഉപയോഗിച്ചു. “മേ..” എന്നൊരു കരച്ചിൽ ശബ്ദമാണു പുറത്തുവന്നത്.
യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ, യൂണിവേഴ്സിറ്റി ഓഫ് യോർക്ക്, ലീഡ്സ് മ്യൂസിയം എന്നിവിടങ്ങളിലെ ഗവേഷകരാണ് ഈ പരീക്ഷണത്തിനു നേതൃത്വം നല്‍കിയത്. മരിച്ച മനുഷ്യന്റെ ശബ്ദം ഇതിനു മുന്‍പു പുനർസൃഷ്ടിക്കപ്പെട്ടിട്ടില്ല.