കോട്ടയം: മുഖ്യമന്ത്രിക്കു വഴിയൊരുക്കാൻ കോട്ടയം നഗരത്തെ കരുതൽ തടങ്കലിലാക്കി പോലീസ്.
ഇതോടെ ജനം മുന്നോട്ടു പോകാൻ കഴിയാത്തവിധം വലഞ്ഞു. മാമ്മോദീസച്ചടങ്ങ് കഴിഞ്ഞെത്തിയ കുഞ്ഞിനെയും രക്ഷിതാക്കളെയും പോലീസ് വഴിയിൽ തടഞ്ഞു.
ഒരു മണിക്കൂർ കഴിഞ്ഞ് പോയാൽ മതിയെന്നായിരുന്നു ഇവരോട് പോലീസ് പറഞ്ഞത്.
“കൊച്ചിന്റെ കാര്യത്തിനായി ഞങ്ങൾ രാവിലെ പള്ളിയിൽ പോയതാണ്. തിരിച്ച് വീട്ടിലേക്കാണ് പോകുന്നത്.
ഒന്നും കഴിച്ചിട്ടില്ല. അഞ്ചെട്ട് കിലോമീറ്റർ ചുറ്റിയാണ് ഇപ്പോൾ വരുന്നത്. തൊട്ടടുത്താണ് വീട്.
ഒരു മണിക്കൂർ കഴിഞ്ഞിട്ട് പോയാൽ മതിയെന്നു പറഞ്ഞാൽ എവിടുത്തെ ന്യായമാണ്” – കുട്ടിയുടെ കുടുംബം പ്രതികരിച്ചു.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്കു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടിയത്.
കോട്ടയം നഗരത്തിന്റെ ജീവനാഡിയായ കെ.കെ. റോഡ് പൂർണമായും അടച്ചു. മുഖ്യമന്ത്രിയുടെ പരിപാടി നടന്ന മാമ്മൻ മാപ്പിള ഹാളിനു മുന്നിലൂടെയുള്ള നഗരമധ്യത്തിലെ റോഡ് പൂർണമായും അടച്ചതോടെയാണ് ജനത്തിനും നഗരത്തിനും ശ്വാസം മുട്ടിയത്.