ഒടിയന് മാണിക്യനായി മോഹന്ലാലെത്തുന്ന ‘ഒടിയന്’ പ്രേക്ഷകര് കാത്തിരിക്കുന്ന ചിത്രമാണ്. എന്നാല് ആ പ്രതീക്ഷകള് ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്ന ഒരു വിവരമാണ് ഇപ്പോള് പുറത്തു വന്നിരിക്കുന്നത്. ചിത്രത്തില് മോഹന്ലാലിനൊപ്പം മമ്മൂട്ടിയുമുണ്ട് എന്നതാണ് ആ വാര്ത്ത. ഒടിയന് എന്ന ചിത്രം തുടങ്ങുന്നത് മമ്മൂട്ടിയുടെ വോയിസ് ഓവറിലൂടെ ആയിരിക്കുമെന്നാണ് റിപ്പോര്ട്ടുകള് പരക്കുന്നത്. നേരത്തെ മോഹന്ലാല് ചിത്രമായ ബീയോണ്ട് ബോര്ഡേഴ്സിലും മമ്മൂട്ടി വോയിസ് ഓവര് നല്കിയിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരുന്ന പഴശ്ശിരാജയില് വോയിസ് ഓവര് നല്കിയത് മോഹന്ലാല് ആയിരുന്നു.
ഒടിയന് മാണിക്യന്റെയും സാങ്കല്പ്പിക ഗ്രാമമായ തേന്കുറിശ്ശിയുടെയും കഥ പറയുന്ന ചിത്രത്തില് മോഹന്ലാലിനെയും മനോജ് ജോഷിയേയും കൂടാതെ പ്രകാശ് രാജ്, നരേന്, സിദ്ദിഖ്, മഞ്ജു വാര്യര് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ശ്രീകുമാര് മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷന് രംഗങ്ങള് ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന് രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര് ഹെയ്നാണ്.
മധ്യകേരളത്തില് ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്മ്മിക്കുന്നത്. 30 മുതല് 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്ലാലിന്റെ മാണിക്യന് എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്. മലയാള സിനിമയില് ഇതുവരെ നിര്മ്മിച്ച സിനിമകളെ പിന്നിലാക്കി, ഏറ്റവുമധികം ബജറ്റില് നിര്മ്മിക്കുന്ന സിനിമ ഒടിയനാണെന്നാണ് റിപ്പോര്ട്ടുകള്. ബിഗ് റിലീസായിട്ടാണ് ഒടിയന് തിയേറ്ററുകളിലേക്ക് എത്തുന്നത്. നരേന്, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരും ചിത്രത്തില് പ്രധാന വേഷത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്മ്മിക്കുന്നത്. ഡിസംബര് മാസത്തിലാണ് ഈ ചിത്രം റിലീസ് ചെയ്യാന് തീരുമാനിച്ചിരിക്കുന്നത്. എന്തായാലും ഈ വാര്ത്ത പുറത്തു വന്നതോടെ ഇരുതാരങ്ങളുടെയും ആരാധകര് പെരുത്ത സന്തോഷത്തിലാണ്.