വൈശാഖ് സംവിധാനം ചെയ്യുന്ന രാജ 2വിൽ മമ്മൂട്ടിക്കൊപ്പം ദുൽഖർ സൽമാനും എത്തുന്നുവെന്ന് റിപ്പോർട്ടുകൾ. ഇതുവരെ മമ്മൂട്ടിയും ദുൽഖറും ഒന്നിച്ച് അഭിനയിച്ചിട്ടില്ല. രാജ 2വിന്റെ ചിത്രീകരണം ഓണത്തിന് ശേഷം ആരംഭിക്കും.
2019 ആദ്യം ചിത്രം പ്രദർശനത്തിനെത്തും. വൈശാഖ് തന്നെ മമ്മൂട്ടിയേയും പൃഥ്വിരാജിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് രാജ 2 എന്നാണു പൊതുവെ കണക്കാക്കപ്പെടുന്നതെന്നും എന്നാൽ ഈ സിനിമ പോക്കിരിരാജയുടെ രണ്ടാം ഭാഗമല്ലെന്നുമാണ് സംവിധായകൻ പറയുന്നത്.
സിനിമയുടെ പേരാകാം ഇത്തരം ഈ ധാരണയ്ക്ക് കാരണമായിരിക്കുന്നതെന്നും സംവിധായകൻ പറയുന്നു. ഈ സിനിമയ്ക്ക് തികച്ചും വ്യത്യസ്തമായ ഒരു കഥയും പശ്ചാത്തലവുമായിരിക്കും. എന്നാൽ മമ്മൂട്ടിയുടെ കഥാപാത്രം പോക്കിരിരാജയിലേത് തന്നെയായിരിക്കും. പോക്കിരിരാജയിൽ നിന്ന് മമ്മൂട്ടി മാത്രമായിരിക്കും രാജ 2ൽ ഉണ്ടാവുക എന്നാണ് സൂചന.
പൃഥ്വിരാജ് ഇല്ലെങ്കിലും ദുൽഖർ സൽമാൻ രാജ 2ൽ അഭിനയിക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ മമ്മൂട്ടിയും ദുൽഖറും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയായി രാജ 2 മാറും. ഉദയകൃഷ്ണ തിരക്കഥയെഴുതുന്ന സിനിമ ടോമിച്ചൻ മുളകുപ്പാടമായിരിക്കും നിർമിക്കുക.