മമ്മൂട്ടി മാന്ത്രികനായി അഭിനയിക്കുന്നു. അഥർവം എന്ന സിനിമയിൽ മമ്മൂട്ടി നേരത്തെ മന്ത്രവാദിയായി അഭിനയിച്ചിട്ടുണ്ട്. ആഭിചാരക്രിയകൾ ചെയ്യുന്ന, വില്ലൻ പരിവേഷമുള്ള മാന്ത്രികനെയാണ് മമ്മൂട്ടി അഥർവത്തിൽ അവതരിപ്പിച്ചത്. മമ്മൂട്ടി മാന്ത്രികനായി വീണ്ടും അഭിനയിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയൻ എന്ന സിനിമയിലാണ് മമ്മൂട്ടി മാന്ത്രികനായി അഭിനയിക്കുന്നത് എന്നാണ് വിവരം. അതിഥിവേഷമാണെങ്കിലും ഏറെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരിക്കും ഇത്. നരസിംഹത്തിൽ മമ്മൂട്ടി സൃഷ്ടിച്ച ഒരു ഇംപാക്ട് ഒടിയനിലും സൃഷ്ടിക്കാനാവുമെന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. അമിതാഭ് ബച്ചൻ, ദിലീപ് എന്നിവരും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്. ഒടിവിദ്യയും ദുർമന്ത്രവാദവുമെല്ലാം നിറഞ്ഞുനിൽക്കുന്ന സിനിമ മലയാളത്തിലെ ഇതുവരെയുള്ള ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും.
ഏറെക്കാലത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് ഒരു സിനിമ സംഭവിക്കുന്നത്. മഞ്ജു വാര്യർ നായികയാകുന്ന സിനിമയുടെ ആക്്ഷൻ കോറിയോഗ്രഫി പീറ്റർ ഹെയ്നാണ്. കഴിഞ്ഞ ദിവസം ഈ സിനിമയുടെ ആദ്യ ചർച്ച നടന്നു. പീറ്റർ ഹെയ്നും മോഹൻലാലും ശ്രീകുമാർ മേനോനും ചർച്ചയിൽ പങ്കെടുത്തു.