ഒരു പുരുഷന്റെ കണ്ണുകളിൽ പ്രണയവും മോഹവും ഒരുമിച്ച് കത്തി നിൽക്കുകയെന്ന പ്രതിഭാസം വളരെ വിരളമാണെന്നു തന്നെ പറയാം. പൊതുവേ വികാരങ്ങളുടെ അടിമയാണത്രേ പുരുഷൻ. അതുകൊണ്ടുതന്നെ മോഹം ഉണരുന്പോൾ അയാൾ ദുർബലനാകും. മുഖത്തും കണ്ണുകളിലും ആ ഒരു ദൗർബല്യത്തിന്റെ ഭാവമാണ് പിന്നെ പടരുന്നത്, അല്ലെങ്കിൽ പതർച്ചയാണ് പ്രതിഫലിക്കുന്നത്. കരുത്തൻ എന്ന വാക്കുകൊണ്ട് പണ്ടുമുതലേ വിശേഷിപ്പിക്കപ്പെടുന്ന പുരുഷൻ പ്രണയലോലുപനാകുന്പോഴും ഈ ഒരു ആർദ്രതയാണ് മുഖത്ത് തെളിയുന്നത്.
പ്രണയവും മോഹവും ഒരുപോലെ കണ്ണിൽ നിറയുക, അതോടൊപ്പം കരുത്താർന്ന ഒരു ഭാവം കൈവിടാതെയിരിക്കുക. അഭിനയമാണെങ്കിൽ പോലും വലിയ ആയാസകരമാണത്. മറ്റു പല ഭാവാവിഷ്കാരവുമെന്നപോലെ ഈ സമ്മിശ്രഭാവവും അതിമനോഹരമായി ആവിഷ്കരിക്കാനുള്ള കഴിവുണ്ട് മമ്മൂട്ടി എന്ന നടന്. എത്രയോ പ്രശസ്തങ്ങളായ ചിത്രങ്ങളിലെ പ്രണയരംഗങ്ങളിൽ മമ്മൂട്ടിയുടെ കണ്ണുകൾ കണ്ടാൽ ഇത് മനസിലാകും.
പ്രണയലോലുപനായ ചന്തു
ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിലെ “ചന്ദനലേപ സുഗന്ധം..’ എന്ന പാട്ടിൽ ഉണ്ണിയാർച്ച കുളത്തിൽ നീന്തിത്തുടിച്ച് ഈറനോടെ ചന്തുവിനു മുന്നിലെത്തുന്ന രംഗത്തിലെ മമ്മൂട്ടിയുടെ കണ്ണുകൾ ശ്രദ്ധിക്കുക. പ്രണയത്തിന്റെയും മോഹത്തിന്റെയും ഒരു കടലാഴം ഉണ്ട് അപ്പോൾ ചന്തുവിന്റെ കണ്ണുകളിൽ, എന്നാൽ മുഖത്തെ കരുത്തിന്റെ ഭാവം അതേപോലെ നിലനിൽക്കുന്നു. കെ.ജയകുമാർ-രവി ബോംബെ ഒരുക്കിയ ഗാനത്തിന് ദൃശ്യാവിഷ്കാരം നൽകിയ സംവിധായകൻ ഹരിഹരൻ പറഞ്ഞുകൊടുത്തതാണോ അതോ മമ്മൂട്ടി സ്വയം സൃഷ്ടിച്ചതാണോ കൽപ്പടവുകളിലെ ഈ നിൽപ്പും നോട്ടവുമെന്ന് പ്രേക്ഷകർ സംശയിച്ചുപോകും.
അപരിഷ്കൃതനായ അച്ചു
അമരം എന്ന ചിത്രത്തിലെ മത്സ്യത്തൊഴിലാളിയായ അച്ചുവിന്റെ കണ്ണുകളിലും ചില നേരം ഈ ഒരു ഭാവം കടന്നുവരുന്നുണ്ട്. പരുക്കനും അപരിഷ്കൃതനുമാണ് അച്ചു. പ്രണയത്തിന്റെ ദിവ്യ പരിവേഷങ്ങൾ അന്യമാണ്. അതുകൊണ്ടുതന്നെ അയാളുടെ പ്രേമപ്രകടനങ്ങളിൽ ലോലഭാവം കുറവാണ്. സിനിമയിലെ ആദ്യരംഗങ്ങളിൽ അതുകാണാം. ചിത്ര അവതരിപ്പിക്കുന്ന ചന്ദ്രിക എന്ന കഥാപാത്രത്തിന്റെ മദാലസഭാവങ്ങളോട് അയാൾക്ക് മോഹമുണ്ട്. അതിലുപരി അവളുടെ പ്രണയം തിരിച്ചറിയുന്നുമുണ്ട്. എങ്കിലും കൊച്ചുരാമൻ എന്ന ഉറ്റചങ്ങാതിയുടെ പെങ്ങളാണ്. അതിനാൽ ഉള്ളിൽ ഒരു വിലക്കുണ്ട്. ചന്ദ്രികയെ കാണുന്പോഴെല്ലാം അച്ചുവിന്റെ കണ്ണുകളിൽ പിടയുന്നത് ഈ സങ്കീർണ ഭാവമാണ്.
നീണ്ട വർഷങ്ങളായി ഭാര്യയില്ലാതെ മകളെ ഒറ്റയ്ക്കു വളർത്തുന്ന പുരുഷനാണ്. കടലിൽ രാപ്പകൽ അധ്വാനിക്കുന്ന തൊഴിലാളിയും. ഈ ഭാരങ്ങളെല്ലാം അറിയാതെ അലിയുന്നത് ചന്ദ്രികയുടെ മുന്നിലാണ്. ചന്ദ്രികയുമൊത്തുള്ള അവസാനരംഗങ്ങളിൽ ഒന്നിൽ അയാളിലെ ദൗർബല്യം പുറത്തു വരുന്നുണ്ട്…അച്ചുവിന്റെ വീട്ടിൽ എത്തുന്ന ചന്ദ്രിക അയാളെ കണ്ണ് കൊണ്ട് ക്ഷണിക്കുന്പോൾ.
വികാരങ്ങളുടെ സന്ധ്യ
“മിഴിയിൽ മീൻ പിടഞ്ഞൂ.. മൊഴിയിൽ തേൻ കിനിഞ്ഞൂ..’ 1983ൽ പുറത്ത് വന്ന പി.ജി.വിശ്വഭരന്റെ സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് എന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച അഡ്വ.ജയമോഹൻ പാടുന്ന ഗാനമാണിത്. ഈ സമയം സീമ അവതരിപ്പിക്കുന്ന ഡോ.ബാലാദേവി എന്ന കഥാപാത്രം വീട്ടിനുള്ളിലേക്ക് നടന്നുവരുന്ന രംഗമുണ്ട്. ബാലാദേവിയോട് തന്റെ ഉള്ളിൽ ഉള്ള ആരാധനയും പ്രണയവും സഹതാപവും ആർദ്രതയും മാത്രമല്ല മോഹവും ഒരു നിമിഷം കൊണ്ട് ജയമോഹന്റെ കണ്ണുകളിൽ തുളുന്പുന്നു. ആ ഗാനരംഗം ഇനി കാണുന്പോൾ മമ്മൂട്ടിയുടെ കണ്ണുകളിലെ കടൽ കാണുക.
ഇത്രയധികം വികാരങ്ങൾ കണ്ണുകളിൽ ഒന്നിച്ച് ഒഴുകിയെത്തുക എന്നത് അപൂർവമായി ദൃശ്യമാകുന്ന ഒരഭിനയ മുഹൂർത്തമാണ്. ഒഎൻവി എഴുതി ഇളയരാജ ഈണം പകർന്ന ഗാനം ജയമോഹന്റെ മനസിലേക്കുള്ള യാത്രയാണ്.
പാട്ടിന്റെ അനുപല്ലവി കഴിഞ്ഞുള്ള സംഗീതത്തിനിടയിൽ കണ്ണുകൊണ്ട് ബാലാദേവിയെ ജയമോഹൻ ഉള്ളിലേക്ക് ക്ഷണിക്കുന്നുണ്ട്. ജയമോഹന്റെ കണ്ണുകളിലൂടെ പ്രണയത്തിന്റെ സുന്ദരഭാവങ്ങൾ ബാലാദേവി തിരിച്ചറിയുന്നു. ഒഎൻവി സന്ദർഭത്തിനനുസരിച്ച് പ്രയോഗിച്ചിരിക്കുന്ന വാക്കുകളും ഓർമിക്കാം. ചന്ദനവും പൂവും പൊന്നിലയിൽ നീട്ടി ആരോ പോന്നു എന്നാണ് ജയമോഹൻ പാടുന്നത്. തന്റെ ജീവിതത്തിന്റെ സന്ധ്യയിൽ പുഷ്പിച്ച പൂവാണ് ബാലാദേവി. താൻ അതുവരെ നയിച്ച വഴിപിഴച്ച ജീവിതമാകുന്ന തീപ്പകലുകൾക്ക് ഒടുവിൽ വന്ന സന്ധ്യ…
“ഈ സന്ധ്യാപുഷ്പം പോൽ നീ പുഞ്ചിരിക്കുന്പോൾ ശാലീനമാമെൻ ഈണങ്ങളിൽ ചാലിച്ചതെല്ലാം സിന്ദൂരമായ്…’ സ്നേഹം, പ്രണയം,മോഹം പിന്നെ വിശുദ്ധമായൊരു വിഗ്രഹത്തെ പോലെ ബാലാദേവിയോടുള്ള ആരാധന ഇതെല്ലാം ഈ ഒരു പാട്ടിനിടയിൽ മമ്മൂട്ടി എന്ന മഹാനടൻ കണ്ണുകളിലൂടെ അടയാളപ്പെടുത്തുകയാണ്.
എസ്. മഞ്ജുളാദേവി