കണ്ടുപഠിക്കണം മമ്മൂട്ടിയെ…! വിലപ്പെട്ട സമയത്തിന്റെയും സമ്പാദ്യത്തിന്റെയും വലിയ ഭാഗം നാടിന്റെ നന്മക്കായി ചെലവാക്കുന്നു; നന്മ ചെയ്യാന്‍ മമ്മൂട്ടി മാതൃകയെന്ന് ദയാബായി

Mammoottyകാളകെട്ടി: സമൂഹത്തിനു നന്മ ചെയ്യുന്നതിലും അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളെ സംരക്ഷിക്കുന്നതിലും നടന്‍ മമ്മൂട്ടി തികഞ്ഞ മാതൃകയാണന്ന് പ്രശസ്ത മനുഷ്യാവകാശ സാമൂഹിക പ്രവര്‍ത്തക ദയാബായി. മമ്മൂട്ടി രക്ഷാധികാരിയായ ’കെയര്‍ ആന്‍ഡ് ഷെയര്‍’ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി നടപ്പാകുന്ന ’വഴികാട്ടി’ പദ്ധതിയുടെ മധ്യകേരളത്തിലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ സ്കൂളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ദയാബായി.

ദൈവം നല്‍കിയിരിക്കുന്ന കഴിവുകള്‍ ഓരോരുത്തര്‍ക്കും വിഭിന്നമാണന്നും അത് സമൂഹ നന്മക്കായി എങ്ങനെ വിനിയോഗിക്കുന്നു എന്നതിലാണു വിജയമെന്നും അവര്‍ പറഞ്ഞു. മമ്മൂട്ടി തന്റെ വിലപ്പെട്ട സമയത്തിന്റെയും സമ്പാദ്യത്തിന്റെയും സ്വാധീനത്തിന്റെയും വലിയ ഭാഗം നാടിന്റെ നന്മക്കായി ചെലവാക്കുന്നു എന്നു കാണുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ദയാബായി പറഞ്ഞു. കുട്ടികള്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞാ വാചകവും ദയാബായി ചൊല്ലിക്കൊടുത്തു.

സംസ്ഥാനത്തെയും ലക്ഷദ്വീപിലെയും സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന സ്കൂളുകള്‍ കേന്ദ്രീകരിച്ച് കുട്ടികളില്‍ ബോധവത്കരണം നടത്തുന്ന പദ്ധതിയാണ് വഴികാട്ടി. പദ്ധതി പ്രകാരം കുട്ടികളില്‍ ലഹരിക്കെതിരേ ബോധവത്കരണം, സ്റ്റിക്കര്‍ കാമ്പെയിനുകള്‍, പാഠ്യേതര മത്സരങ്ങള്‍ തുടങ്ങി ഒരുപിടി പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ 2016–17 അധ്യയന വര്‍ഷത്തെ പദ്ധതികള്‍ക്കാണ് ഇവിടെ തുടക്കം കുറിച്ചത്.സ്കൂള്‍ മാനേജര്‍ ഫാ. ജോസ് തറപ്പേല്‍ അധ്യക്ഷത വഹിച്ചു.ശാന്തിഗിരി ആശ്രമത്തിലെ ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌ന ജ്ഞാനതപസ്വി, ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ, റോബര്‍ട്ട് കുര്യാക്കോസ്, ആന്‍സമ്മ തോമസ്, സെബാസ്റ്റ്യന്‍ വെള്ളാപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts