ആലുവ: തന്റെ ഹൃദയസ്പന്ദനം നേരിട്ടു കേൾപ്പിക്കാൻ ആലുവ സ്വദേശി റിയാസ് ഹൃദയ ശസ്ത്രക്രിയയുടെ അറുപതാം നാൾ നടൻ മമ്മൂട്ടിയുടെ അരികിലെത്തി. മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ വഴി സൗജന്യ ഹൃദയ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ കൊടികുത്തുമല നീലാത്തോപ്പ് ചങ്ങലെത്ത് സി.എ. റിയാസാണു മഹാനടനോടു നന്ദി പറയാനെത്തിയത്.
ആലുവ അശോകപുരത്ത് അമ്മക്കിളിക്കൂട് ഭവനനിർമാണ പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങിനിടെയാണ് ഈ കാരുണ്യസംഗമം നടന്നത്. വേദിയിൽ റിയാസിനെ ഹൃദയം നിറഞ്ഞ സന്തോഷത്തോടെ മമ്മൂട്ടി സ്വീകരിച്ചു. റിയാസിനോട് സുഖമാണോയെന്ന് തിരക്കിയശേഷം എപ്പോഴും സന്തോഷമായി ഇരിക്കണമെന്നും ഉപദേശിച്ചു.
കഴിഞ്ഞ ജനവരി 13 നായിരുന്നു റിയാസിന്റെ ശസ്ത്രക്രിയ ആലുവ രാജഗിരി ആശുപത്രിയിൽ നടന്നത്. രണ്ടര ലക്ഷം രൂപ വരുന്ന ശസ്ത്രക്രിയയുടെ ചെലവാണ് മമ്മൂട്ടി വഹിച്ചത്. രാജഗിരി ആശുപത്രിയും കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും ചേർന്നു റിയാസിനു സൗജന്യ ചികിത്സയൊരുക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു.
രാജഗിരി ആശുപത്രിയിലെ കാർഡിയോ തൊറാസിക് സർജറി വിഭാഗം മേധാവി ഡോ. ശിവ് കെ. നായരുടെ നേതൃത്വത്തിൽ കാർഡിയാക് സർജന്മാരായ ഡോ. ജോർജ് വാളൂരാൻ, ഡോ. റിനറ്റ് സെബാസ്റ്റ്യൻ, കാർഡിയാക് അസ്തീഷു ഡോക്ടർമാരായ ഡോ. ജിയോപോൾ, ഡോ. റോഷിത് ചന്ദ്രൻ എന്നിവരാണു ശസ്ത്രക്രിയ നടത്തിയത്.ഹൃദയ ധമനികളിൽ 85 ശതമാനത്തോളം ബ്ലോക്കുകൾ ഉള്ളതായിരുന്നു 35 കാരനായ റിയാസിന്റെ പ്രശ്നം.
നിർധന കുടുംബമായതിനാൽ ചികിത്സാത്തുക കണ്ടെത്താനും കഴിഞ്ഞില്ല. 42 വയസുള്ളപ്പോൾ റിയാസിന്റെ ജ്യേഷ്ഠൻ ഇതേ രോഗാവസ്ഥയിൽ മരിച്ചിരുന്നു. കയറിക്കിടക്കാൻ സ്വന്തമായി ഭൂമി പോലും ഇല്ലാത്ത റിയാസിനു മമ്മൂട്ടി സഹായത്തിനെത്തുകയായിരുന്നു.