ഡബ്ബിംഗിൽ മമ്മൂട്ടിയെ വെല്ലാൻ മറ്റൊരു താരമില്ലെന്ന് സംവിധായകൻ സിദ്ദിഖ്. “”മമ്മൂക്കയോളം ഡബ്ബിംഗിൽ മികവ് പുലർത്തുന്ന ഒരു താരത്തെ ഞാൻ കണ്ടിട്ടില്ല. മറ്റു താരങ്ങൾ അഭിനയിക്കുന്പോൾ ചിലപ്പോൾ നമുക്ക് നൂറിൽ നൂറും തരാറുണ്ട്. എന്നാൽ ഡബ്ബിംഗിൽ എത്തുന്പോൾ അത് 90 ശതമാനത്തിലേക്കോ 95 ശതമാനത്തിലേക്കോ എത്തും. എന്നാൽ ഡബ്ബിംഗിൽ ആ നൂറിനെ നൂറ്റിപ്പത്ത് ശതമാനം ആക്കുന്ന ഒരാളേയുളളൂ. അത് മമ്മൂക്കയാണ്.
അദ്ദേഹം അഭിനയിക്കുന്പോൾ ഇമോഷൻ സീനും മറ്റും അത്ര പ്രാധാന്യം കൊടുക്കാറില്ല. എക്സ്പ്രഷനു മാത്രമേ പ്രാധാന്യം കൊടുക്കുകയുള്ളൂ. എന്നാൽ അതെല്ലാം അദ്ദേഹം ഡബ്ബിംഗിൽ മേക്കപ്പ് ചെയ്യും. അപ്പോൾ ആ സീനിനു ഡബിൾ ഇംപാക്ട് ആയിരിക്കും. ഒരു സീനിനെ മികച്ച ഡബ്ബിംഗ് പാടവം കൊണ്ട് എങ്ങനെ വ്യത്യസ്തമാക്കാൻ കഴിയുമെന്ന് മമ്മൂക്ക പല കുറി തെളിയിച്ചു തന്നിട്ടുണ്ട്”- സിദ്ദിഖ് പറയുന്നു.
നിരവധി സിനിമകൾക്ക് മമ്മൂട്ടി നരേഷൻ പറഞ്ഞിട്ടുണ്ട്. അതിൽ അവസാനത്തേതാണ് മോഹൻലാലിന്റെ ഒടിയൻ.