പ്രായത്തെ തോൽപ്പിക്കുന്ന സൗന്ദര്യവുമായി മലയാള സിനിമ അടക്കിവാഴുന്ന അഭിനയകുലപതി മമ്മൂക്കയ്ക്ക് പിറന്നാൾ. 68-ാം പിറന്നാൾ ആഘോഷിക്കുന്ന താരത്തിന് മകൻ ദുൽഖർ സൽമാൻ, നടന്മാരായ മോഹൻലാൽ, ഉണ്ണിമുകുന്ദൻ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ തുടങ്ങി നിരവധി മുൻനിര നടന്മാർ പിറന്നാൾ ആശംസനേർന്നിരുന്നു.
പുലർച്ച 12ന് രമേഷ് പിഷാരടിയും ആരാധകരും മമ്മൂട്ടിയുടെ കൊച്ചിയിലെ വസതിയിലെത്തി പിറന്നാൾ ആശംസകൾ നൽകി. വീടിന് മുൻപിൽ തടിച്ചു കൂടിയ ആരാധകരെ മമ്മൂട്ടി അഭിവാദ്യം ചെയ്തിരുന്നു.
1951 സെപ്റ്റംബർ ഏഴിന് വൈക്കത്തിനടുത്ത് ചെമ്പ് എന്ന സ്ഥലത്താണ് മുഹമ്മദ് കുട്ടിയെന്ന മമ്മൂട്ടിയുടെ ജനനം. സെന്റ് ആർബർട്ട് സ്കൂൾ, ഗവണ്മെന്റ് ഹൈസ്കൂൾ, മഹാരാജാസ് കോളജ്, എറണാകുളം ഗവ. ലോ കോളജ് എന്നിവിടങ്ങളിൽ നിന്നും പഠനം പൂർത്തിയാക്കി.
1971ൽ സത്യൻ, പ്രേംനസീർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ കൂടിയാണ് മമ്മൂട്ടി അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. നാല് പതിറ്റാണ്ടിലധികമായി മലയാള സിനിമയുടെ നെടുംതൂണായി അരങ്ങുവാഴുന്ന താരത്തിന് പൂർണ ആയുരാരോഗ്യം നേരുകയാണ് സിനിമ ലോകം.