കൊച്ചി: മലയാളത്തിന്റെ അഭിനയ ചക്രവര്ത്തി മമ്മൂട്ടിക്ക് നാളെ 70-ാം പിറന്നാള്. പ്രായം കൂടുംതോറും സൗന്ദര്യവും വർധിക്കുന്ന അത്ഭുത പ്രതിഭാസമെന്നാണ് അദേഹത്തെ പലരും വാഴ്ത്താറുള്ളത്.
1951 സെപ്റ്റംബര് ഏഴിന് ഇസ്മയില്-ഫാത്തിമ ദമ്പതികളുടെ മൂത്ത മകനായി ആലപ്പുഴ ജില്ലയിലെ ചന്തിരൂരിലാണ് പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയുടെ ജനനം. പിന്നീട് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പിലായിരുന്നു അദേഹം വളർന്നത്.
അഭിഭാഷകനായി യോഗ്യത നേടിയ ശേഷം രണ്ടു വര്ഷം മഞ്ചേരിയില് വക്കീലായി സേവനം ചെയ്തു. പിന്നീട് അഭിനയരംഗത്ത് വേരുറപ്പിച്ച മമ്മൂട്ടി മലയാള സിനിമയുടെ തന്നെ മുഖമായി മാറി. ആദ്യമായി ഫിലം കാമറയുടെ മുന്നിലെത്തി ശേഷം 50 വര്ഷങ്ങളാണ് അദേഹം ചലച്ചിത്രലോകത്ത് വിഹരിച്ചത്.
അനുഭവങ്ങള് പാളിച്ചകള് എന്ന ചിത്രത്തില് ജൂണിയര് ആര്ട്ടിസ്റ്റായി 1971 ആദ്യമായി അഭിനയിച്ചു. ഒരു പാട്ട് സീനില് വള്ളത്തില് പങ്കായം പിടിച്ചിരിക്കുന്ന പൊടിമീശക്കാരനായിട്ടായിരുന്നു മമ്മൂട്ടിയുടെ അഭിനയജീവിതത്തിന്റെ തുടക്കം.
73-ല് കാലചക്രം എന്ന സിനിമയില് ആദ്യമായി ഡയലോഗ് പറഞ്ഞഭിനയിച്ചു. 80ല് വില്ക്കാനുണ്ട് സ്വപ്നങ്ങള് എന്ന സിനിമയിലൂടെ ആദ്യമായി മമ്മൂട്ടി എന്ന പേര് ടൈറ്റില് കാര്ഡില് തെളിഞ്ഞു. പിന്നീട് നായകനിരയിലേക്ക് പ്രവേശിച്ചു അദേഹം.
മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട് (1990-മതിലുകൾ, ഒരു വടക്കൻ വീരഗാഥ, 1994-വിധേയൻ, പൊന്തൻ മാട, 1999-അംബേദ്കർ – ഇംഗ്ലീഷ്). ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും (1984 – അടിയൊഴുക്കുകൾ, 1989-ഒരു വടക്കൻ വീരഗാഥ, മതിലുകൾ, 1994 – വിധേയൻ, പൊന്തൻ മാട, 2004 – കാഴ്ച, 2009 – പാലേരിമാണിക്യം), 12 തവണ ഫിലിംഫെയർ പുരസ്കാരവും ലഭിച്ചു.
1998-ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു.കേരള സർവകലാശാല ഹോണററി ഡോക്ടറേറ്റും കാലിക്കറ്റ് സർവകലാശാല ഡോകടറേറ്റും നൽകി മഹാനടന് ആദരമേകി.
അഭിനയത്തിന്റെ 50 വർഷത്തെ ആ യാത്ര “വണ്’ എന്ന സിനിമ വരെ എത്തിനില്ക്കുന്നു. അണിയറയില് ഭീഷ്മപര്വം മുതല് പുഴു വരെ ഒരുങ്ങുന്നുമുണ്ട്. തങ്ങളുടെ പ്രിയതാരത്തിന്റെ 70-ാം പിറന്നാൾ ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് ആരാധകരും.