ഓട്‌സിന്റെ കഞ്ഞിയാണ് മമ്മൂക്കയുടെ നിലവിലെ പ്രഭാത ഭക്ഷണം! പൊരിച്ചതൊന്നും കഴിക്കില്ല, മീന്‍കറി നിര്‍ബന്ധം; മമ്മൂട്ടിയുടെ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും രഹസ്യങ്ങളെക്കുറിച്ച് താരത്തിന്റെ കുക്ക് ലെനീഷ് പറയുന്നതിങ്ങനെ

മലയാളികളും അല്ലാത്തവരുമായ എല്ലാ സിനിമാസ്വാദകരും ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുള്ള ഒരു കാര്യമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും രഹസ്യമെന്തായിരിക്കും എന്നത്.

പ്രായം 67 കഴിഞ്ഞ് നില്ക്കുമ്പോഴും നാല്‍പ്പതിന്റെ പ്രസരിപ്പാണ് താരത്തിനെന്നത് ചെറുപ്പക്കാരെപ്പോലും അസൂയപ്പെടുത്തുന്നതാണ്. സൗന്ദര്യം നിലനിറുത്താന്‍ മമ്മൂക്കയ്ക്ക് എങ്ങനെ കഴിയുന്നുവെന്നും അതിന്റെ രഹസ്യം എന്താണെന്നുമുള്ള ചോദ്യങ്ങള്‍ക്ക് ഇതിനോടകം തന്നെ അനേകം തവണ താരം നേരിട്ടുകഴിഞ്ഞു.

ഭക്ഷണം വാരിവലിച്ച് കഴിക്കാറില്ലെന്നുള്ള കാര്യം നടന്‍ തന്നെ പല തവണ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാലിപ്പോഴിതാ നടന്റെ ഒരു ദിവസത്തെ ഭക്ഷണ ക്രമത്തിന്റെ രീതികള്‍ അദ്ദേഹത്തിന്റെ പേഴ്സണല്‍ കുക്കായ ലെനീഷ് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലെനീഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഓട്‌സിന്റെ കഞ്ഞിയാണ് മമ്മൂക്കയുടെ നിലവിലെ പ്രഭാത ഭക്ഷണം. ഒപ്പം പപ്പായയുടെ കഷണങ്ങള്‍, മുട്ടയുടെ വെള്ള, തലേദിവസം വെള്ളത്തിലിട്ടുവച്ച് തൊലികളഞ്ഞ പത്ത് ബദാം. വെള്ളം തിളപ്പിച്ചശേഷം ഓട്സിട്ട് കഞ്ഞി കുറുകുമ്പോള്‍ ഇത്തിരി ഉപ്പിട്ട് വാങ്ങിവയ്ക്കണം.

ഉച്ചയ്ക്ക് ചോറ് കഴിക്കില്ല. ഓട്സ് പൊടി കൊണ്ടുള്ള അരക്കുറ്റി പുട്ടാണ് പ്രധാന ഭക്ഷണം. കൂടെ തേങ്ങചേര്‍ത്ത മീന്‍കറി നിര്‍ബന്ധമാണ്. പൊരിച്ചതൊന്നും കഴിക്കില്ല. കരിമീന്‍, കണമ്പ്, തിരുത ഇവയിലേതെങ്കിലുമാണെങ്കില്‍ നല്ലത്. പൊടിമീനോ കൊഴുവയോ തേങ്ങയരച്ച് കറിവച്ചാലും ഇഷ്ടമാണ്.

ഒപ്പം അച്ചിങ്ങ മെഴുക്കുപുരട്ടിയത്, കുരുമുളകുപൊടി വിതറിയ പച്ചക്കറി സാലഡ്. വൈകുന്നേരം കാര്യമായി ഒന്നും കഴിക്കില്ല. ഇടയ്ക്ക് കട്ടന്‍ചായ കുടിച്ചുകൊണ്ടിരിക്കും. രാത്രി ഗോതമ്പിന്റെയോ ഓട്സിന്റെയോ ദോശ. പരമാവധി മൂന്ന് ദോശ മാത്രമേ കഴിക്കു. ഒപ്പം തേങ്ങാപ്പാല്‍ ചേര്‍ത്ത് അധികം മസാലയിടാത്ത നാടന്‍ ചിക്കന്‍ കറി. അതില്ലെങ്കില്‍ ചമ്മന്തിയായാലും മതി. ശേഷം മഷ്റൂം സൂപ്പ്.

തീര്‍ന്നില്ല, എവിടെയായാലും ഭക്ഷണം ലൊക്കേഷനില്‍ ചെന്ന് കൊടുക്കണമെന്ന് നിര്‍ബന്ധമുള്ളയാളാണ് മമ്മൂട്ടിയെന്നും ലെനീഷ് പറയുന്നു. ഭക്ഷണം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഉടന്‍ തന്നെ മറുപടി നല്‍കുമെന്നും ലിനീഷ് വ്യക്തമാക്കി.

തുറപ്പ് ഗുലാന്‍ എന്ന ചിത്രം മുതല്‍ മമ്മൂക്കയ്്ക്ക് ഭക്ഷണം ഉണ്ടാക്കി നല്കുന്ന ആളാണ് ലെനീഷ്. മമ്മൂട്ടിയുടെ ജന്മനാടായ ചെമ്പ് ഗ്രാമത്തിന് സമീപം തന്നെയാണ് ലെനീഷിന്റെയും സ്വദേശം.

ആദ്യം മമ്മൂക്കയുടെ മുമ്പിലെത്തുമ്പോള്‍ പേടിയുണ്ടായിരുന്നുവെന്നും പ്രൊഫഷണല്‍ കോഴ്സ് കഴിഞ്ഞു എന്നല്ലാതെ ഏതെങ്കിലും വലിയ ഹോട്ടലുകളില്‍ പോയി ഭക്ഷണമുണ്ടാക്കി പരിശീലിച്ചിട്ടൊന്നുമില്ലായിരുന്നുവെന്നും ലെനീഷ് ഓര്‍ക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കില്‍പ്പോലും മമ്മൂക്കയുടെ ഇഷ്ടാനിഷ്ടങ്ങള്‍ മനസിലാക്കാന്‍ അധികസമയം വേണ്ടി വന്നില്ലെന്നും ലെനീഷ് കൂട്ടിച്ചേര്‍ക്കുന്നു.

Related posts