ചിത്രീകരണം പൂർത്തിയായതും നിർമാണം പുരോഗമിക്കുന്നതും ഉടൻ ചിത്രീകരണം ആരംഭിക്കുന്നതുമായ ഇരുപതിലധികം സിനിമകളാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. പെൺവേഷമുൾപ്പെടെ നാലു വേഷങ്ങളിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്ന, ചരിത്രവും സങ്കൽപവും സമന്വയിപ്പിക്കുന്ന “മാമാങ്കം’ നാലു ഷെഡ്യൂളുകളായാണ് ചിത്രീകരിക്കുക.
ആദ്യഷെഡ്യൂൾ മംഗലാപുരത്ത് പൂർത്തിയായി. രണ്ടാം ഷെഡ്യൂൾ എറണാകുളത്ത് തുടരുന്നു. നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കം ഹിന്ദി, തമിഴ്, തെലുങ്ക് എന്നിവയിലേക്കു മൊഴിമാറ്റം നടത്തും. മമ്മൂട്ടിയുടെ സ്ത്രീ വേഷം കാണാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്
സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ഒരു ബിഗ് പ്രൊജക്ടാണ് “കുഞ്ഞാലിമലയ്ക്കാർ’. ആറാം നൂറ്റാണ്ടിൽ കോഴിക്കോട് ഭരിച്ചിരുന്ന സാമൂതിരി രാജാക്കന്മാരുടെ കാലഘട്ടം. 1948-ൽ പോർച്ചുഗീസ് പറങ്കികൾക്കെതിരേ നാവിക പ്രതിരോധം തീർത്ത നാവികപ്പടയുടെതലവൻ കുഞ്ഞാലിമരയ്ക്കാർ നാലാമന്റെ കഥ.
സാഹിത്യകാരനായ ടി.പി. രാജീവനും നടനും തിരക്കഥാകൃത്തുമായ ശങ്കർ രാമകൃഷ്ണനും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും റിലീസ് ചെയ്യും.
തിരക്കഥാകൃത്തായ സേതു ആദ്യമായി സംവിധായകന്റെ മേലങ്കിയണിയുന്ന ചിത്രമാണ് “ഒരു കുട്ടനാടൻ ബ്ലോഗ്’. പൂർണമായും കുട്ടനാട്ടിൽ ചിത്രീകരിക്കുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. റായ് ലക്ഷ്മിയാണു നായിക.
രതീഷ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലറാണ് “വന്പൻ’. പുലിമുരുകനിലെ ത്രസിപ്പിക്കുന്ന സ്റ്റണ്ടുരംഗങ്ങൾ ഒരുക്കിയ പീറ്റർ ഹെയ്നാണ് ആക്ഷൻ കൊറിയോഗ്രഫി.
ബിഗ്ബിയിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം “ബിലാൽ’ ടൈറ്റിൽ റോളിൽ വരുന്ന ചിത്രമാണ് ബിലാൽ. അമൽ നീരദ് അണിയിച്ചൊരുക്കുന്നു. ഒരു ആക്ഷൻ ത്രില്ലറാണ്. പത്തുവർഷം മുന്പ് വൻ വിജയമായി മാറിയ ബിഗ്ബിയുടെ തുടർച്ചയാണ് “ബിലാൽ’.
വൈശാഖ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രം പോക്കിരി രാജയുടെ രണ്ടാംഭാഗം “രാജാ 2′ വൈശാഖ് തന്നെ സംവിധാനം ചെയ്യുന്നു. മമ്മൂട്ടിയുടെ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിന് തിരക്കഥ രചിക്കുന്നത് പ്രശസ്ത തിരക്കഥാകൃത്ത് ആർ. ഉണ്ണി.
“കാട്ടാളൻ പൊറിഞ്ചു’ എന്ന മമ്മൂട്ടി ചിത്രം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്നു. കോമഡിക്കും ആക്ഷനും ഒരുപോലെ പ്രാധാന്യം നൽകുന്ന സിനിമയുടെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. അനുരാഗകരിക്കിൻവെള്ളം എന്ന സിനിമയുടെ സംവിധായകൻ റഹ്മാൻ ഖാലിദ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന് “ഉണ്ട’ എന്ന് നാമകരണം ചെയ്തിരിക്കുന്നു. ലൊക്കേഷൻ ഹിമാലയം, ഭൂട്ടാൻ, നേപ്പാൾ.
മമ്മൂട്ടിയുടെ സേതുരാമയ്യർ സിബിഐയുടെ അഞ്ചാം ഭാഗം വരികയാണ്.വൻ ഹിറ്റായ മുൻ ഭാഗങ്ങളുടെ ശില്പികളായ കെ. മധുവും എസ്.എൻ. സ്വാമിയും വീണ്ടും ഒന്നിക്കുന്നു. മമ്മൂട്ടി ഒരു പുതിയ ഗെറ്റപ്പിൽ എത്തുന്ന സിനിമയാണ് നാദിർഷ സംവിധാനം ചെയ്യുന്ന “ഒരു കള്ളൻ’. ഉലകനായകൻ കമൽഹാസൻ അപൂർവ സഹോദരങ്ങളിൽ ചെയ്തതുപോലെ ഒരു കുള്ളൻവേഷം. സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു മമ്മൂട്ടി ചിത്രം.
മമ്മൂട്ടി കേരളത്തിന്റെ ഇടതുപക്ഷ മുഖ്യമന്ത്രിയായി അഭിനയിക്കുന്ന രാഷ്ട്രീയ ചിത്രമാണ് “സഖാവ് പി.വി’. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ബോബി സഞ്ജയ് തിരക്കഥ രചിക്കുന്നു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിതകഥ സിനിമയാകുന്നു. മമ്മൂട്ടിയാണ് രാജശേഖര റെഡ്ഡിയായി അഭിനയിക്കുന്നത്. “യാത്ര’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് മഹിവിരാഘവ് ആണ്.
മമ്മൂട്ടി സഞ്ചാര പ്രിയനാകുന്ന ചിത്രം ഡീൻ ഡെന്നീസ് സംവിധാനം ചെയ്യുന്നു. പേരു നിശ്ചയിക്കാത്ത ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് വിനോദ് മേനോൻ. സൗബിൻ ഷാഹിറിന്റെ പേരിടാത്ത ചിത്രത്തിലും മമ്മൂട്ടിയാണ് നായകൻ. അണിയറ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രമായ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്നതായി പ്രഖ്യാപിച്ചിരുന്നു. ചില തർക്കങ്ങൾ കാരണം കോട്ടയം കുഞ്ഞച്ചന് എന്ന ടൈറ്റിൽ ഉപയോഗിക്കാതെ ചിത്രം അണിയിച്ചൊരുക്കുമെന്ന് നിർമാതാവ് വിജയ് ബാബു വ്യക്തമാക്കിയിട്ടുണ്ട്.
ലിജോ ജോസ് പെല്ലിശേരി, ഹാപ്പി വെഡിംഗിലൂടെ പ്രശസ്തനായ ഒമർലുലു എന്നീ സംവിധായകരുടെ ചിത്രങ്ങളിലും മമ്മൂട്ടി നായകനാകുന്നതായി വാർത്തയുണ്ട്. ടിനി ടോം തിഥക്കഥയെഴുതുന്ന ചിത്രത്തിലും മമ്മൂട്ടി നായകനാകുന്നതായി റിപ്പോർട്ടുണ്ട്.
വർഷങ്ങൾക്കുശേഷം മമ്മൂട്ടിയുടെ ഒരു തമിഴ് ചിത്രം തിയറ്ററുകളിലേത്തുകയാണ്. റാം സംവിധാനം ചെയ്ത “പേരൻപ്’. ടാക്സി ഡ്രൈവറായ അമുദൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
ബേബിജോർജ് രാജാക്കാട്