കോഴിക്കോട്: തിയറ്ററുകള്‍ ഉണര്‍ത്തി മമ്മൂട്ടിയുടെ ‘ഭീഷ്മപര്‍വം’ റിലീസ് ചെയ്തു. ഫാന്‍സ് ഷോകളെ പ്രോത്സാഹിപ്പിക്കേണ്ടെന്ന് തിയറ്റര്‍ ഉടമകള്‍ തീരുമാനിച്ചിരുന്നുവെങ്കിലും രാവിലെ 8.30നുള്ള ആദ്യ ഷോകള്‍ ഫാന്‍സുകാര്‍ കയ്യടക്കി. സംസ്ഥാനത്തുടനീളം 350-ഓളം തിയറ്ററുകളിലാണ് റിലീസ് ചെയ്തത്.
ആറാട്ടിനുശേഷം തിയറ്ററുകളില്‍ എത്തുന്ന സൂപ്പര്താരചിത്രമാണിത്. ബിഗ് ബി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.
തിയറ്ററില്‍ ഫുള്‍ കപ്പാസിറ്റിക്ക് സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയശേഷം എത്തുന്ന ആദ്യ സൂപ്പര്‍താരചിത്രം കൂടിയാണ് ഭീഷ്മപര്‍വം.
മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രതീക്ഷയായ സിബിഐ അഞ്ച് ദി ബ്രെയിന്‍ സിനിമയുടെ പരസ്യ സഹിതമാണ് ഫാന്‍സ് ഷോ ടിക്കറ്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്.
രാത്രികാലങ്ങളിലെ ഷോകളോട് തിയറ്ററുകള്‍ വലിയ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ശക്തമായ ഡീ ഗ്രേഡിംഗ് നടക്കുമെന്നതിനാലാണിത്.
മോഹന്‍ലാല്‍ ചിത്രമായ ആറാട്ടിനെതിരേ മനപൂര്‍വമുണ്ടായ ഡീ ഗ്രേഡിംഗിനെ തുടര്‍ന്നായിരുന്നു ഇത്. രാത്രി ഷോ സംഘടിപ്പിച്ചാല്‍ നേരം പുലരുന്പോഴേക്കും നെഗറ്റീവ് റിവ്യൂസ് ഇടുന്ന പ്രവണത ഏറിവരികയാണെന്നും തിയറ്റര്‍ ഉടമകള്‍ പറയുന്നു.
ഹേ സിനാമിക
മമ്മൂട്ടിയും അദ്ദേഹത്തിന്റെ മകനും യുവ താരവുമായ ദുല്‍ഖര്‍ സല്‍മാനും ബോക്സ് ഓഫീസില്‍ നേര്‍ക്കുനേര്‍ എത്തുന്നുവെന്ന പ്രത്യേകതയും ഇന്നു സംഭവിച്ചു.
ബ്രിന്ദ മാസ്റ്റര്‍ ഒരുക്കിയ ദുല്‍ഖര്‍ സല്‍മാന്റെ തമിഴ് ചിത്രം ഹേ സിനാമികയും തിയറ്ററില്‍ എത്തിയിട്ടുണ്ട്. കേരളത്തിലെ നൂറോളം സ്ക്രീനുകളില്‍ ആണ് ഈ ചിത്രം റിലീസ് ചെയ്തതത്.
ഫലത്തില്‍ കേരളത്തില്‍ 450 ഓളം തിയറ്ററുകളില്‍ അച്ഛന്റെയും മകന്റെയും സിനിമകളാണ് കളിക്കുന്നത്. ഇത് കൂടാതെ ആഷിക് അബു – ടോവിനോ ചിത്രം നാരദനും തിയറ്ററില്‍ എത്തിയിട്ടുണ്ട്.