ഒരു സിനിമയില്‍ അഭിനയിച്ചതോര്‍ത്ത് പിന്നീട് ഖേദിച്ചിട്ടുണ്ട്! പ്രായമായി സിനിമയിലെത്തിയതിനാല്‍ ആരോടും പ്രേമം തോന്നിയിട്ടില്ല; കുസൃതി നിറഞ്ഞ ചില വെളിപ്പെടുത്തലുകളുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി

ജാഡക്കാരനാണ്, ആളത്ര സോഷ്യലല്ല എന്നൊക്കെ ആളുകള്‍ പറയുമെങ്കിലും അഭിമുഖങ്ങളിലും മറ്റും വളരെ കുസൃതി നിറഞ്ഞ രീതിയില്‍ മറുപടികള്‍ നല്‍കുന്ന വ്യക്തിയാണ് നടന്‍ മമ്മൂട്ടി.

അദ്ദേഹത്തിന്റെ രസകരമായ വീഡിയോകളും, ഇടപെടലുകളുമൊക്കെ വൈറലായതോടെ മമ്മൂക്ക രസികനാണെന്ന് അടുത്ത കാലത്ത് ആരാധകരില്‍ പലരും സമ്മതിക്കുകയും ചെയ്തു. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ കുസൃതി ചോദ്യങ്ങള്‍ക്ക് കുസൃതി ഉത്തരങ്ങള്‍ നല്‍കി വീണ്ടും ആരാധകരെ കയ്യിലെടുത്തിരിക്കുകയാണ് അദ്ദേഹം.

ഇഷ്ടപ്പെടാത്ത സിനിമയെ പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിന് നെവര്‍ എന്നായിരുന്നു മെഗസ്റ്റാറിന്റെ ഉത്തരം. ഏതെങ്കിലും സിനിമയില്‍ അഭിനയിച്ചതില്‍ ഖേദം തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ട് എന്നായിരുന്നു ഉത്തരം. പേര് ചോദിക്കരുതെന്നും താരം പറഞ്ഞു. സെലിബ്രിറ്റി സ്റ്റാറ്റസിന്റെ അഡ്വാന്റേജ് എടുക്കാറുണ്ടോ എന്നു ചോദിച്ചപ്പോള്‍ വിശദമായിപ്പറയേണ്ട ഉത്തരമാണെന്നും അതുകൊണ്ട് ഈ ചോദ്യം വിടുന്നുവെന്നും പറയുന്നു.

ഏതെങ്കിലും സിനിമ കണ്ടു ഉറങ്ങിപ്പോയിട്ടുണ്ടോ എന്നു ചോദിച്ചപ്പോള്‍ സിനിമ ഉറങ്ങാതിരിക്കാനാണ് കാണുന്നതെന്നും ഒരിക്കലുമില്ലെന്നും ഉത്തരം പറഞ്ഞു. ആര്‍ക്കെങ്കിലും തെറ്റായ ഫോണ്‍ നമ്പര്‍ നല്‍കിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ എന്റെ ഫോണ്‍ നമ്പര്‍ എല്ലാവര്‍ക്കും അറിയാമെന്നും അത് മാറിയിട്ടില്ലെന്നും മമ്മൂക്ക പറഞ്ഞു. ഫോണ്‍നമ്പര്‍ നോക്കി ആരുടേയും കോള്‍ എടുക്കാറില്ലെന്നും തമാശരൂപേണ മമ്മൂട്ടി പറഞ്ഞു.

അഭിമുഖങ്ങളില്‍ നുണ പറയാറുണ്ടോ എന്ന് ചോദിച്ചാല്‍ കള്ളചോദ്യങ്ങള്‍ക്ക് കള്ള ഉത്തരം പറയുമെന്നും മമ്മൂട്ടി പറഞ്ഞു. കൂടെ അഭിനയിച്ച നടിമാരോട് പ്രണയം തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഒരുപാട് പ്രായമായാണ് സിനിമയിലേക്ക് വന്നതെന്നും അതുകൊണ്ട് തന്നോടാര്‍ക്കും പ്രേമം തോന്നിയിട്ടില്ലെന്നും തനിക്കും ആരോടും തോന്നിയിട്ടില്ലെന്നും മമ്മൂട്ടി പറയുന്നു.

മറ്റുള്ളവരുടെ ടൂത്ത് ബ്രഷ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ തങ്ങളുടെ വീട്ടില്‍ എല്ലാര്‍ക്കും സ്വന്തമായി ബ്രഷ് ഉണ്ടെന്നും എല്ലാവര്‍ക്കും തങ്ങളുടെ ബ്രഷ് കണ്ടാല്‍ തിരിച്ചറിയാമെന്നും ഇന്നുവരെ മാറിയിട്ടില്ലെന്നും പറഞ്ഞു. പണ്ടാണെങ്കില്‍ ഉമിക്കരി ഉപയോഗിച്ചാണ് പല്ല് തേച്ചിരുന്നതെന്നും മമ്മൂട്ടി പറഞ്ഞു.

Related posts