ചന്ദ്രബാബു നായിഡുവിനെ അപ്രസക്തനാക്കിക്കൊണ്ട് ആന്ധ്രയില്‍ ജഗന്മോഹന് റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേടിയ വന്‍വിജയത്തിനു പിന്നില്‍ മലയാളികളുടെ അഭിമാനമായ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്കു പങ്ക്. 175 നിയമസഭ സീറ്റില്‍ 151ഉം ജഗന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസിനാണ് ലീഡ്. ഈ നേട്ടത്തില്‍ വൈഎസ്ആറായി മമ്മൂട്ടി അഭിനയിച്ച ചിത്രം ‘യാത്ര’യുടെ പങ്കും ചെറുതല്ല.
തിരഞ്ഞെടുപ്പ് കാലത്ത് ഇറങ്ങിയ ചിത്രം തിയറ്ററുകളില്‍ ആളെ നിറച്ചു. പുലിവെന്തുലയിലെ പുലിയായിരുന്നു ജഗന് മോഹന്‍ റെഡ്ഡിയുടെ അച്ഛന് വൈ.എസ്.രാജശേഖര റെഡ്ഡി എന്ന വൈഎസ്ആര്‍. 1978 മുതല്‍ ആന്ധ്രയില്‍ കോണ്‍ഗ്രസിന്റെ മുഖം. ജനനായകന് എന്ന വിശേഷണത്തിന് സര്‍വഥാ യോഗ്യന്‍. മല്‍സരിച്ച എല്ലാതിരഞ്ഞെടുപ്പുകളും ജയിച്ച നേതാവ്. വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ ‘യാത്ര’ രാഷ്ട്രീയമായി ലക്ഷ്യം കണ്ടു. വൈഎസ്ആറിന്റെ പദയാത്രയും ജനങ്ങള്‍ക്ക് വേണ്ടി ചെയ്ത പ്രവൃത്തികളും സിനിമയിലൂടെ വീണ്ടും ചര്‍ച്ചയായി.
2003ല്‍ കൊടുംവരള്‍ച്ച ആന്ധ്രയെ വലച്ചസമയത്ത് കത്തുന്ന വേനലില്‍ മൂന്നുമാസം കൊണ്ട് 1500 കിലോമീറ്റര്‍ പദയാത്ര നടത്തിയ നേതാവാണ് വൈഎസ്ആര്‍. ആ യാത്ര ചെന്നെത്തിയതാവട്ടെ ആന്ധ്രയുടെ മുഖ്യമന്ത്രിക്കസേരയിലും. 2004ലെ തിരഞ്ഞെടുപ്പില്‍ ചന്ദ്രബാബുവിന്റെ ടിഡിപിയെ കടപുഴക്കിയായിരുന്നു ആ സിംഹാസനാരോഹണം. 2009 സെപ്റ്റംബറില്‍ വീണ്ടും വിജയം. ഒടുവില്‍ മുഖ്യമന്ത്രിയായിരിക്കെ ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്ത്യം.
വൈഎസ്ആര്‍ യാത്ര അവസാനിപ്പിച്ചയിടത്തുനിന്നാണ് ജഗന് രാഷ്ട്രീയജീവിതം തുടങ്ങിയത്. വൈഎസ്ആര്‍ രാഷ്ട്രീയത്തിലുണ്ടായിരുന്നപ്പോള്‍ ബിസിനസില്‍ ശ്രദ്ധിച്ച മകന്. പിതാവ് മരിച്ചപ്പോള്‍ പിന്‍ഗാമിയായി രാഷ്ട്രീയത്തിലിറങ്ങി. വൈഎസ്ആറിന്റെ മകനോടുള്ള ജനങ്ങളുടെ സ്നേഹം വോട്ടുകണക്കുകളില്‍ പ്രതിഫലിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് യാത്ര സിനിമ ജനങ്ങളെ പലവട്ടം വൈഎസ്ആര്‍ കോണ്‍ഗ്രസ് കാണിച്ചു. നേനു വിന്നാന്നു നേനു വുന്നാന്നു (ഞാന്‍ കേട്ടു ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്) എന്ന ചിത്രത്തിലെ ഡയലോഗ് പ്രചാരണപരിപാടികളില്‍ പലയിടത്തും ജഗനും ഉപയോഗിച്ചു. ജഗന്റെ വാക്കുകള്‍ ജനമനസുകളില്‍ പതിഞ്ഞു. ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ കഴിഞ്ഞതു തന്നെയാണ് ജഗന്റെ ഈ ജൈത്ര’യാത്ര’യ്ക്കു കരുത്തേകിയതും.