കൊച്ചി: സാധാരണ വീല്ചെറിയല് ജീവിതം തള്ളിനീക്കിയ 25 അംഗപരിമിതര്‍ക്ക് റോബോട്ടിക്/ഇലക്ട്രിക് വീല്‍ചെയര്‍ സമ്മാനിച്ച്, ജീവകാരുണ്യമേഖലയിൽ നടൻ മമ്മൂട്ടിയുടെ മറ്റൊരു കൈത്താങ്ങുകൂടി.
മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെയും യുഎസ്ടി ഗ്ലോബല്‍, കൈറ്റ്സ് ഇന്ത്യ ഫൗണ്ടേഷന് എന്നിവയുടെയും സംയുക്താഭിമുഖ്യത്തിലാണ് അംഗപരിമിതരായ ആളുകള്‍ക്കുള്ള റോബോട്ടിക്-ഇലക്ട്രിക് വീല്‍ചെയര്‍ വിതരണം ചെയ്തത്. വിതരണോദ്ഘാടനം മലപ്പുറം പൊന്നാനിയില്‍ നിന്നുള്ള അബൂബക്കറിന് വീല്‍ചെയര്‍ നല്കി മമ്മൂട്ടി നിര്‍വഹിച്ചു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐടി കമ്പനികളില്‍ ഒന്നായ യുഎസ്ടി ഗ്ലോബലാണ് ഇലക്ട്രിക് വീല്‍ചെയര്‍ ജീവകാരുണ്യസംഘടനയായ കെയര്‍ ആന്‍ഡ് ഷെയറിന് നല്‍കുന്നത്. ഫൗണ്ടേഷന് മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന് മരോട്ടിപ്പുഴ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ആളുകള്‍ക്ക് ചികിത്സാ സഹായം, വിദ്യാഭ്യാസം, ആദിവാസികള്‍ക്കായുള്ള വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍, ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയും ഫൗണ്ടേഷന് നടത്തിവരുന്നതായി ഫാ. തോമസ് കുര്യന് പറഞ്ഞു.
കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് പ്രോജക്ട് ഡയറക്ടര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രോജക്ട് ഓഫീസര്‍ അജ്മല്‍ ചക്കരപാടം, നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.