മമ്മൂട്ടിയ്ക്ക് തമിഴ്നാട്ടിലും ഖ്യാതി നേടിക്കൊടുത്ത ചിത്രമാണ് മണിരത്നം സംവിധാനം ചെയ്ത ദളപതി. സ്റ്റൈല്‍ മന്നന് രജനികാന്ത് നായകനായ ചിത്രത്തില്‍ തുല്യ പ്രാധാന്യമുള്ള കഥാപാത്രമായാണ് മമ്മൂട്ടിയും അഭിനയിച്ചത്.
മഹാഭാരതത്തിലെ ദുര്യോധനന്-കര്ണന് സൗഹൃദത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമായിരുന്നു ഇത്.
പക്ഷേ ഈ സിനിമയുടെ കഥ ആദ്യം കേട്ടപ്പോള്‍ ആദ്യം മമ്മൂട്ടി തീരുമാനിച്ചത് ഇത് ചെയ്യണ്ട എന്നായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകന് ജോഷി.
മണി രത്നം ഈ ചിത്രത്തിന്റെ കഥ പറയുമ്പോള്‍ മമ്മൂട്ടി താന്‍ സംവിധാനം ചെയ്ത കുട്ടേട്ടന് എന്ന ചിത്രത്തിന്റെ സെറ്റില്‍ ആയിരുന്നു എന്നും ദളപതി ചെയ്യണ്ട എന്നാണ് തന്റെ തീരുമാനം എന്ന് മമ്മൂട്ടി പറഞ്ഞെന്നും ജോഷി ഓര്‍ത്തെടുക്കുന്നു.
പക്ഷെ, താന്‍ ആണ് പിന്നീട് മമ്മൂട്ടിയോട് ഈ ചിത്രം ചെയ്യാന്‍ നിര്‍ബന്ധിച്ചതെന്നും ജോഷി പറഞ്ഞു. മമ്മൂട്ടിയെന്ന നടനെ മദ്രാസ്, കോയമ്പത്തൂര്‍ പോലുള്ള നഗരങ്ങളിലുള്ളവര്‍ അറിഞ്ഞാലും, തമിഴ്നാട്ടിലെ ഗ്രാമീണര്‍ അറിയണമെന്നില്ല എന്നും, രജനീകാന്തിന്റെയും മണിരത്നത്തിന്റേയും കൂടെ അഭിനയിച്ചാല്‍ ഗ്രാമങ്ങളിലുള്ളവരിലേക്കും കടന്നുചെല്ലാം എന്നുമുള്ള തന്റെ ഉപദേശം സ്വീകരിച്ചാണ് മമ്മൂട്ടി ദളപതിയില്‍ അഭിനയിച്ചതെന്നാണ് ജോഷി പറയുന്നത്.
തന്നോടുള്ള വലിയ സഹൃദം കൊണ്ടാണ് മമ്മൂട്ടി ആ ഉപദേശം സ്വീകരിച്ചതെന്നും ജോഷി പറയുന്നു. ജോഷിയുടെ നിരവധി ചിത്രങ്ങളിലാണ് മമ്മൂട്ടി നായകനായെത്തിയിട്ടുള്ളത്.