ലോകം മുഴുവന്‍ നൃത്തം ചെയ്ത് നടക്കുന്നതുകൊണ്ട് എപ്പോഴും ഇവിടെ വന്ന് കുട്ടികളെ പഠിപ്പിക്കാന്‍ എനിക്ക് കഴിയണമെന്നില്ല! നടി കൃഷ്ണപ്രഭയുടെ നൃത്ത വിദ്യാലയം ഉദ്ഘാടനം ചെയ്ത് മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ ചിരിയുണര്‍ത്തി വൈറലാവുന്നു

റഫ് ആന്‍ഡ് ടഫ് എന്നാണ് അടുത്ത നാളുകളില്‍ വരെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെക്കുറിച്ച് അദ്ദേഹത്തിന്റെ ആരാധകര്‍ പോലും പറഞ്ഞിരുന്നത്. എന്നാല്‍ സോഫ്റ്റ് ആന്‍ഡ് ഫണ്ണി എന്നാണ് കുറച്ചേറെക്കാലമായി ശത്രുക്കള്‍ പോലും അദ്ദേഹത്തെക്കുറിച്ച് പറയുന്നത്.

തന്റെ നര്‍മ്മബോധവും ആളുകളെ രസിപ്പിക്കാനുള്ള കഴിവും അടുത്ത കാലത്താണ് അദ്ദേഹം വെളിപ്പെടുത്തി തുടങ്ങിയതെന്നതാണ് അതിന് കാരണം. ഏറ്റവും ഒടുവില്‍ പങ്കെടുത്ത ഒരു പൊതുചടങ്ങില്‍ മമ്മൂക്ക ആളുകളെ രസിപ്പിച്ചതിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നതും വൈറലായിരിക്കുന്നതും.

ചലച്ചിത്രതാരം കൃഷ്ണ പ്രഭയുടെ ജൈനിക കലാ വിദ്യാലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം സംസാരിക്കുമ്പോഴായിരുന്നു മമ്മൂട്ടിയുടെ ചിരിമരുന്ന്.

‘കൃഷ്ണ പ്രഭ, ഞാന്‍ പഠിപ്പിച്ചതൊക്കെ ശിഷ്യരെ നന്നായി പഠിപ്പിക്കണം, എന്റെ ശിഷ്യ ഇങ്ങനെ ഒരു സ്‌കൂള്‍ തുടങ്ങുന്നതില്‍ വളരെ സന്തോഷമുണ്ട്. ഞാന്‍ പിന്നെ ലോകത്തെമ്പാടും നൃത്തം ചെയ്ത് നടക്കുന്നതു കൊണ്ട് എല്ലായിപ്പോഴും എല്ലായിടത്തും എത്താന്‍ കഴിഞ്ഞോണം എന്നില്ല..’ മമ്മൂട്ടി പറഞ്ഞതുകേട്ട് സദസ് ചിരിച്ചു മറിഞ്ഞു.

വിളിക്കാതിരുന്നിട്ടും ഇങ്ങോട്ട് വിളിച്ചു ചോദിച്ചാണ് താനെത്തിയതെന്ന് കൃഷ്ണ പ്രഭയെ ട്രോളി മിമിക്രി കലാകാരനും നടനും സംവിധായകനുമായ രമേശ് പിഷാരടിയും പറഞ്ഞു. അതാണ് ചടങ്ങില്‍ എത്താന്‍ വൈകിയത്. എന്നാലും മമ്മൂക്കയോട് വിളിച്ച് എല്ലാം നന്നായി ചെയ്യണമെന്ന് ഏല്‍പിച്ചിരുന്നു. ഉദ്ഘാടനം കഴിഞ്ഞ ഉടനെ വിളിച്ച് എല്ലാം നന്നായി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞിട്ടാണ് ഇവിടുന്നു പോയതെന്നും പിഷാരടിയുടെ പതിവ് തമാശ. പിന്നെ മിമിക്രിക്ക് ക്ലാസെടുക്കാന്‍ ഇടയ്ക്ക് വരാമെന്ന് വാഗ്ദാനവും നല്‍കുകയുണ്ടായി.

Related posts