കേരളം കാത്തിരിക്കുന്ന ചരിത്ര വിസ്മയമാണ് മാമാങ്കം. ചരിത്രത്തെ ആസ്പദമാക്കി വന്പൻ മുതൽ മുടക്കിൽ നിർമിക്കുന്ന സിനിമ ഈ വർഷം പൂജ അവധി ലക്ഷ്യമാക്കി തിയറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയാൻ കഴിയുന്നത്. ചിത്രീകരണം പൂർത്തിയാക്കി അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുന്ന സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. അതിനൊപ്പം ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു.
മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്പോൾ വന്പൻ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ബോളിവുഡ് നടി പ്രാചി തെഹ്ലൻ ആണ് മാമാങ്കത്തിലെ നായിക. ഓഡിഷനിലൂടെയായിരുന്നു പ്രാചി മാമാങ്കത്തിന്റെ ഭാഗമാവുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചും മാമാങ്കത്തിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ചതിനെ കുറിച്ചും വെളിപ്പെടുത്തി പ്രാചി എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു നടി മനസ് തുറന്നത്.
ഞങ്ങളുടെ സിനിമ മാമാങ്കത്തിന്റെ ആദ്യ പോസ്റ്റർ വന്നതിൽ ഞാൻ വളരെയധികം സന്തോഷവതിയാണ്. മലയാളത്തിലെ മുൻനിര താരങ്ങളെല്ലാം ആ പോസ്റ്റർ അവരുടെ സോഷ്യൽ മീഡിയ പേജിലൂടെ ഷെയർ ചെയ്തിരിക്കുകയാണ്. അതിന്റെ ആകാംക്ഷയുണ്ട്. എല്ലാവരും എന്നോട് മമ്മൂക്കയെ കുറിച്ച് പറയാനാണ് ആവശ്യപ്പെടുന്നത്. അതിന് മുൻപ് മാമാങ്കത്തിന് വേണ്ടി നിങ്ങൾ നൽകുന്ന പിന്തുണയ്ക്ക് നന്ദി പറയുകയാണ്.
ടീസർ വരാൻ സമയം എടുക്കുമെന്നും പറയുന്നു. സ്റ്റാർ പ്ലസിലെ ദിയ ഓർ ബാത്തി ബം എന്ന ടെലിവിഷൻ സീരിയലിലൂടെയാണ് ഞാൻ ശ്രദ്ധിക്കപ്പെടുന്നത്. അതിന് ശേഷമാണ് മാമാങ്കത്തിലേക്ക് എനിക്ക് അവസരം വരുന്നത്. അതിന് വേണ്ടി മീറ്റിംഗിൽ പങ്കെടുത്തു. ഓഡിഷൻ നടത്തി. ഓഡിഷൻ നടത്തിയ ലിസ്റ്റിൽ മുന്നിലെത്തി. ഇതോടെയാണ് ഉണ്ണിമായ എന്ന കഥാപാത്രത്തെ എനിക്ക് കിട്ടിയത്.
ഉണ്ണിമായ എന്ന് പറഞ്ഞാൽ ഫൈറ്ററും എന്റർടെയിൻമെന്റ് ചെയ്യുന്നതുമായ വേഷമാണ്. ബാക്കി ഇപ്പോൾ പറയാൻ പറ്റില്ല. സിനിമയിലൂടെ കാണൂ. കഴിഞ്ഞ വർഷം മാമാങ്കത്തിന്റെ സെറ്റിൽ നിന്നുമായിരുന്നു ആദ്യമായി മമ്മൂക്കയെ കാണുന്നത്.
അന്ന് ഷൂട്ടിംഗ് പൂർത്തിയാക്കി വീട്ടിൽ പോവാൻ നേരത്താണ് മമ്മൂക്കയെ കാണുന്നത്. എന്നെ കുറിച്ചുള്ള കാര്യങ്ങളെല്ലാം അദ്ദേഹം ചോദിച്ചിരുന്നു. മാമാങ്കത്തിൽ എത്തുന്നതിന് മുൻപ് എന്തെല്ലാം ചെയ്തിരുന്നു അങ്ങനെ എല്ലാം ചോദിച്ചിരുന്നു.
മമ്മൂക്ക ഒരു അതിശയിപ്പിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ്. മമ്മൂക്ക നമ്മളെ നന്നായി കെയർ ചെയ്യും. അദ്ദേഹം വളരെയധികം പിന്തുണ നൽകുന്ന ആളാണ്. ഏതെങ്കിലും ഒരു രംഗം അഭിനയിക്കുന്പോൾ ഇങ്ങനെ ചെയ്താൽ നന്നായിരിക്കുമെന്ന് നിർദേശങ്ങൾ നൽകും. നേരത്തെ ഒരു റംസാൻ സമയത്ത് എനിക്ക് വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കാൻ ആഗ്രഹം തോന്നി. മമ്മൂക്കയോട് ഞാനത് പറഞ്ഞു.
അദ്ദേഹം വീട്ടിൽ നിന്നും ബിരിയാണി ഉണ്ടാക്കിക്കൊണ്ട് വന്നു. എനിക്ക് മാത്രമല്ല ആ സെറ്റിലുള്ള എല്ലാവർക്കും വേണ്ടിയുമായിട്ടാണ് ബിരിയാണി കൊണ്ടുവന്നത്. അതേ, മമ്മൂക്ക ഒരു രാജാവാണ്. മലയാള സിനിമയിലെ ഇതിഹാസമാണ് മെഗാസ്റ്റാർ. ഒരു മനുഷ്യനായും നടനായും മമ്മൂക്ക ഇൻഡസ്ട്രിക്ക് നൽകിയ കാര്യങ്ങൾക്ക് അഭിനന്ദനം അറിയിക്കുകയാണ്.
എന്നെക്കാളും നന്നായി നിങ്ങൾക്ക് അദ്ദേഹത്തെ കുറിച്ച് അറിയാമല്ലോ. മമ്മൂക്കയാണ് ചിത്രത്തിലെ നായകൻ. ഞാനാണ് നായിക. എന്നാൽ മമ്മൂട്ടിയുടെ നായികയായിട്ട് ആരാണെന്നുള്ള ചോദ്യത്തിന് ഉത്തരം പറയാൻ പറ്റില്ലെന്നും നടി വ്യക്തമാക്കി. സിനിമയുടെ പ്രമോഷൻ പരിപാടികൾ ഇന്ത്യയിൽ മാത്രമല്ല ലോകത്ത് എല്ലായിടത്തും നടക്കും. അതിന് വേണ്ടിയുള്ള തയാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുകയാണ്.
നിങ്ങൾ ഒരിക്കലും കാണാത്ത വലിയൊരു സിനിമ അനുഭവമായിരിക്കും മാമാങ്കം. മമ്മൂക്കയ്ക്കൊപ്പമുള്ള അഭിനയം മനോഹരമായിരുന്നു. സിനിമയൂടെ ഷൂട്ടിംഗ് കഴിഞ്ഞതേയുള്ളു. ഡബ്ബിംഗ് ആരംഭിക്കാൻ പോവുന്നതേയുള്ളു- പ്രാചി പറയുന്നു