ആരാധകർ ഏറെക്കാലമായി കാത്തിരിക്കുന്ന മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത തമിഴ് ചിത്രം പേരൻപ് ലോകമെന്പാടും തിയറ്ററുകളിലെത്തി. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ആന്റോ ജോസഫ് ഫിലിം കന്പനിയാണ് സ്വന്തമാക്കിയത്.
മമ്മൂട്ടിയുടെ സമീപകാല ചിത്രങ്ങളിൽ ഏറ്റവും ഗംഭീര അഭിപ്രായം സ്വന്തമാക്കിയ ചിത്രമായ പേരൻപ് റോട്ടർഡാം ചലച്ചിത്രമേളയിലായിരുന്നു ആദ്യം ശ്രദ്ധിക്കപ്പെട്ടത്. മേളയിലെ അന്തർദേശീയ പ്രീമിയറായിരുന്നു പേരൻപ്. പിന്നീട് ഷങ്കായ് ചലച്ചിത്രമേളയിലും ഗോവ ചലച്ചിത്രോത്സവത്തിലും ചിത്രം പ്രദർശിപ്പിച്ച് മികച്ച അഭിപ്രായം നേടിയിരുന്നു.
ചിത്രത്തിന്റെ ഇന്ത്യൻ പ്രീമിയർ നടന്ന ഗോവയിലെ ഇനോക്സിലെ രണ്ടു പ്രദർശനങ്ങളും ഹൗസ്ഫുള്ളായിരുന്നു. സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രം. അമുദൻ എന്ന കഥാപാത്രം ഒരു ഓണ്‍ലൈൻ ടാക്സി ഡ്രൈവറാണ്. ഒരു സങ്കടക്കടൽ തന്നെ ഉള്ളിലൊതുക്കി ജീവിക്കുന്ന കഥാപാത്രമാണ് അമുദൻ.
മകൾക്ക് തുണ എന്നതിനപ്പുറം ജീവിതത്തിന്റെ നിറങ്ങളെല്ലാം കെട്ടുപോയൊരു മനുഷ്യന്റെ വ്യഥ പ്രേക്ഷകരുടെ ഉള്ളിൽത്തട്ടുംവിധം മമ്മൂട്ടി സ്ക്രീനിലെത്തിച്ചിട്ടുണ്ട്. മമ്മുട്ടിയുടെ മകളായി സാധനയാണ് എത്തുന്നത്. കട്രത് തമിഴും തങ്കമീൻകളും തരമണിയും ഒരുക്കിയ റാമിന്റെചിത്രമാണ് പേരൻപ്.
148 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ അമുദനും മകൾക്കുമൊപ്പം ഒഴിവാക്കാനാവാത്ത സാന്നിധ്യമാണ് പ്രകൃതി. തേനി ഈശ്വറിന്റെ ഛായാഗ്രഹണം മികച്ചതാണ്. ശ്രീകർ പ്രസാദാണ് എഡിറ്റിംഗ്. അഞ്ജലി, സമുദ്രക്കനി, സുരാജ് വെഞ്ഞാറമൂട്, സിദ്ധിക്ക്, ട്രാൻസ്ജെൻഡറായ അഞ്ജലി അമീർ, തുടങ്ങിയവരും അഭിനയിക്കുന്നു.
ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും കൈകാര്യം ചെയ്തിരിക്കുന്നതു യുവാൻ ശങ്കർരാജ ആണ്. ഗാനരചന വൈരമുത്തു, സുമതിറാം, കരുണാകരൻ എന്നിവരാണ്. വിജയ് യേശുദാസ്, കാർത്തിക്ക്, ശ്രീരാം പാർഥസാരഥി, മധു അയ്യർ. ഹൃദയത്തിൽ ആഞ്ഞു തറയ്ക്കുന്ന കുടുംബജീവിത വൃഥയാണ് ചിത്രം തരുന്നതെന്നാണ് ഒരു വിദേശമാധ്യമം സിനിമയ്ക്കു നൽകിയ തലക്കെട്ട്.