ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമിക്കുന്ന തെലുങ്ക് ചിത്രത്തിൽ മുഖ്യമന്ത്രിയായി മമ്മൂട്ടി വേഷമിടുന്നു. സ്വാതി കിരണം, റെയിൽവേ കൂലി, സൂര്യപുത്രഡു എന്നിവയാണ് ഇതിനു മുന്പ് മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രങ്ങൾ. 25 വർഷങ്ങൾക്കു ശേഷമാണ് മമ്മൂട്ടി വീണ്ടും തെലുങ്ക് ചിത്രത്തിലെത്തുന്നത്.
യാത്ര എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിൽ നയൻതാരയായിരിക്കും നായിക. വിജയ് ചില്ല, ശശിദേവ റെഡ്ഡി എന്നിവർ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കുടിരിതേ കപ്പ് കോഫി, വില്ലേജലോ വിനായകഡു എന്നീ ചിത്രങ്ങൾ ഒരുക്കിയ മഹി രാഘവാണ്.
ചിത്രത്തിന്റെ താരനിർണയം പൂർത്തിയാകുന്നതേയുള്ളു. സിനിമയുടെ അണിയറക്കാർ മമ്മൂട്ടിയുമായി പ്രാരംഭ ചർച്ച നടത്തിയിരുന്നു. 2009ൽ ഒരു ഹെലികോപ്റ്റർ അപകടത്തിലാണ് വൈ.എസ്. രാജശേഖര റെഡ്ഡി മരിച്ചത്.