കോഴിക്കോട്:എഴുപത്തി രണ്ടാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ പുതിയ സിനിമയുടെ ട്രെയിലര്‍ ലോഞ്ചിംഗ് ഇന്ന്.
ഇന്ന് വൈകുന്നേരം ആറിനാണ് മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘കണ്ണൂര്‍ സ്ക്വാഡ്’ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങുക.
മമ്മൂട്ടിതന്നെയാണ് ജന്മദിനത്തില് ഫേസ് ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. ക്രിസ്റ്റഫര്‍ എന്ന ചിത്രത്തിനുശേഷം ഈവര്‍ഷം എത്തുന്ന മമ്മൂട്ടി ചിത്രമാണിത്.
നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കണ്ണൂര്‍ സ്ക്വാഡ്’. മമ്മൂട്ടി പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം സെപ്റ്റംബര്‍ 28ന് റിലീസ് ചെയ്യുമെന്നാണ് അനൗദ്യോഗിക വിവരം.
ഏപ്രിലില്‍ പാക്കപ്പ് പറഞ്ഞ ചിത്രത്തിന്റെ കഥ മുഹമ്മദ് ഷാഫിയാണ്. തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന് റോണി ഡേവിഡ് രാജാണ്. മമ്മൂട്ടി കമ്പനിയാണ് നിര്‍മാണം.
ഇതോടൊപ്പം ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന രാഹുല്‍ സദാശിവന്റെ ആദ്യസംവിധാന ചിത്രമായ ‘ഭ്രമയുഗ’ത്തിന്റെ മമ്മൂട്ടിയുടെ കാരക്ടര്‍ പോസ്റ്ററും ഇന്ന് പുറത്തിറക്കും. ദുര്‍മന്ത്രവാദിയായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്.