മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നാണ് ന്യൂഡൽഹി. 1987-ൽ റിലീസ് ചെയ്ത ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാവിഷയമാണ്.
മെഗാസ്റ്റാർ മമ്മൂട്ടി അവതരിപ്പിച്ച ജി. കൃഷ്ണമൂർത്തി അല്ലെങ്കിൽ ജികെ എന്ന കഥാപാത്രം ഇന്നും സിനിമാ കോളങ്ങളിൽ ചർച്ചയാവുന്നുണ്ട്. മമ്മൂട്ടിക്കൊപ്പം സുമലത, സുരേഷ് ഗോപി, ത്യാഗരാജൻ, ഉർവശി എന്നിങ്ങനെയുള്ള വൻതാരനിരയായിരുന്നു അണിനിരന്നത്.
ഇപ്പോഴിതാ ന്യൂഡൽഹി എന്ന ചിത്രത്തെ കുറിച്ചുള്ള രസകരമായ കഥ പങ്കുവയ്ക്കുകയാണ് ഗാനരചയിതാവും സംവിധായകനുമായ ഷിബു ചക്രവർത്തി. ഒരു ടെലിവിഷൻ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ…
ചിത്രത്തിൽ സുമലത നൃത്തം ചെയ്യുന്ന ഒരു ചിത്രം മമ്മൂട്ടി വരച്ചു കൊടുക്കുന്ന സീനുണ്ട്. ഞാൻ അതിനെക്കുറിച്ച് ജോഷി സാറിനോട് പറഞ്ഞിരുന്നു. എന്നാൽ പറഞ്ഞത് അദ്ദേഹത്തിന് മുഴുവനും മനസിലായില്ല. ഉടൻ തന്നെ ഒരു ബട്ടർ പേപ്പറിൽ അദ്ദേഹത്തിന് ഈ പടം വരച്ച് കാണിച്ച് കൊടുത്തു.
കണ്ടിട്ട് ജോഷി സാറിന് ഇഷ്ടമായി. ഇതൊന്ന് നന്നായിട്ട് വരച്ചാൽ മതിയെന്ന് പറഞ്ഞു.പിന്നീട് റൂമിൽ പോയി ഇത് വരച്ചിട്ട് ഒരുവിധത്തിലും ശരിയാവുന്നില്ല. ഒരു രാത്രി മുഴുവനും ഇരുന്ന് വരച്ചു നോക്കി. എന്ത് ചെയ്തിട്ടും ശരിയാവുന്നില്ല.
തൊട്ടടുത്ത ദിവസം രാവിലെ തന്നെ ആ മടിയിൽ വച്ച് വരച്ച ചിത്രവുമായി ഫോട്ടോസ്റ്റാറ്റ് കടയിൽ പോയി. എൻലാർജ് ചെയ്യുന്നതിൽ ലിമിറ്റേഷൻ ഉണ്ടായിരുന്നു. എൻലാർജ് ചെയ്തു കഴിഞ്ഞാൽ ആ ഷീറ്റ് നാലായി കീറും.
എന്നിട്ട് വീണ്ടും എല്ലാർജ് ചെയ്യും. എന്നീട്ട് ആ പീസ് ഒരുമിച്ച് ഓട്ടിച്ച് വച്ച് വീണ്ടും എടുക്കും. ഇങ്ങനെയായിരുന്നു ആ ന്യൂഡൽഹി സിനിമയിൽ ഇന്നു കാണുന്ന സുമലത ഡാൻസ് ചെയ്യുന്ന ചിത്രം ഉണ്ടാക്കിയത്- ഷിബു ചക്രവർത്തി പറയുന്നു.
-പിജി