പറവൂർ: വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്നവരെ കാണുവാനും ആശ്വാസിപ്പിക്കുവാനും തേലതുരുത്തിലെ ദുരിതാശ്വാസക്യാന്പിൽ ചലച്ചിത്രനടൻ മമ്മൂട്ടി എത്തി. ഇന്നലെ രാത്രി 10.30 ഓടെയാണ് വി.ഡി. സതീശൻ എംഎൽഎക്കൊടൊപ്പം 300ഓളം പേർ താമസിക്കുന്ന തേലതുരുത്ത് ദുരിതാശ്വാസ ക്യാന്പിൽ മമ്മൂട്ടി എത്തിയത്.
പ്രയാസമനുഭവിക്കുന്നവരോടൊപ്പം എല്ലാ സഹായങ്ങളുമായി താനും ഉണ്ടാകുമെന്നും ബുദ്ധിമുട്ടുകളിൽ വിഷമിക്കരുതെന്നും വെള്ളം വേഗം ഇറങ്ങി എല്ലാവർക്കും വീട്ടിലേയ്ക്ക് പോകുവാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പെരിയാറിൽ ഇന്നലെ രാത്രി കൂടുതൽ വെള്ളം ഉയരുമെന്നുള്ള ഭീതിയിലായിരുന്നു ജനങ്ങൾ എല്ലാവരും. ഈ ഭയപ്പാടിന്റെ സാഹചര്യത്തിലാണ് ആശ്വാസവാക്കുകളുമായി മമ്മൂട്ടി എത്തിയത്. വി.ഡി. സതീശൻ എംഎൽഎയെ വിളിച്ച് ക്യാന്പുകൾ സന്ദർശിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ജില്ലയിൽ ഏറ്റവും കൂടുതൽ പേർ താമസിക്കുന്ന തേലതുരുത്ത് ദുരിതാശ്വാസ ക്യാന്പിലാണ് ഇവർ സന്ദർശനം നടത്തിയത്. പറവൂരിൽ 44 ദുരിതാശ്വാസ ക്യാന്പുകൾ തുറന്നിട്ടുണ്ടെന്ന് വി.ഡി. സതീശൻ എംഎൽഎ പറഞ്ഞു. ക്യാന്പിലുള്ളവർക്ക് ആവശ്യമായ സൗകര്യവും ഭക്ഷണവും വെള്ളവും രണ്ടായിരം പേർക്കു ബെഡ് ഷീറ്റുകൾ നൽകിയതായി എംഎൽഎ അറിയിച്ചു.